മനാമ: മലങ്കര ഓർത്തഡോക്സ് സഭ വിശുദ്ധ മാർത്തോമാ ശ്ളീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -മത് വാർഷികം കൊണ്ടാടുമ്പോൾ ബഹ്‌റൈൻ ഇടവകയും അതിൽ പങ്കാളികളാകുന്നു. അതിന്റെ ഭാഗമായി മലങ്കര സഭയുടെ സീനിയർ മെത്രാപോലിത്ത അഭി: കുര്യാക്കോസ് മാർ ക്‌ളീമിസ് വലിയ മെത്രപൊലീത്തക്ക് അറേബ്യൻ നാട്ടിൽ നിന്ന് പ്രഥമ ‘മാർത്തോമൻ പുരസ്‌കാരം’ നൽകി ആദരിക്കുന്നതായി ഭാരവാഹികൾ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2023 ഡിസംബർ 29 നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ഇടവക ദിനത്തിൽ വലിയ മെത്രപ്പോലീത്തക്ക് വേണ്ടി മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭി: ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപോലിത്ത മാർത്തോമൻ പുരസ്‌കാരം ഏറ്റുവാങ്ങും (മാർത്തോമൻ ഫലകവും ഒരു ലക്ഷത്തി ഒന്ന് രൂപയും അടങ്ങുന്ന പുരസ്‌കാരം) തുടർന്ന് നാട്ടിൽ വച്ച് പരിശുദ്ധ കാതോലിക്ക ബാവയും ഇടവക മെത്രാപ്പോലീത്തയും അഭി. ഗീവറുഗീസ് മാർ കൂറിലോസ് മെത്രപ്പോലീത്തയും ചേർന്ന് വലിയ
മെത്രാപ്പോലീത്തക്ക് കൈമാറുകയും ചെയ്യും.
ഡിസംബർ 29 വെള്ളിയാഴ്ച നടക്കുന്ന ഇടവക ദിനത്തിൽ വൈകിട്ട് 4 മണി മുതൽ മെഗാ പാപ്പാ റാലിയും രുചികരമായ വിവിധ ഫുഡ് സ്റ്റാളുകൾ, വിവിധ ആധ്യാത്മിക സംഘടനകളുടെ വൈവിധ്യമാർന്ന കലാപരിപാടികളും രാത്രി 8ന് ‘വി. തോമാശ്ലീഹാ’ എന്ന ബൈബിൾ ഡ്രാമാസ്കോപ്പ് നാടകവും ഉണ്ടായിരിക്കുന്നതായിരിക്കും എന്ന് ഇടവക വികാരി ഫാ. സുനിൽ കുരിയൻ ബേബി, സഹ വികാരി ഫാ. ജേക്കബ് തോമസ്, ഇടവക ട്രസ്റ്റീ ജീസൺ ജോർജ്, ഇടവക സെക്രട്ടറി ജേക്കബ് പി മാത്യു, പ്രോഗ്രാം കോർഡിനേറ്റഴ്സ് വിനു പൗലോസ്, സജിൻ ഹെന്ററി, ബിനോയ് ജോർജ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.