മനാമ: ബഹ്റൈനിലെ കലാകേന്ദ്രമായ ഓറ ആർട്സ് അന്താരാഷ്ട്ര ഓൾ സ്റ്റൈൽ നൃത്തമത്സരം സംഘടിപ്പിച്ചു. ബഹ്റൈൻ, ഇന്ത്യ, സൗദി, ഖത്തർ, ഒമാൻ, ദുബൈ, കുവൈത്ത്, അമേരിക്ക, ചൈന, ദക്ഷിണാഫ്രിക്ക, നൈജീരിയ, ഇതോപ്യ, കസാഖ്സ്താൻ, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള 40ലധികം മത്സരാർഥികൾ മാറ്റുരച്ചു.
ഗുദൈബിയ ഫിറ്റ്നസ് ഹബ് ഗ്രൗണ്ടിൽ സജ്ജീകരിച്ച ഫ്ലോറിൽ മനാമ കാപ്പിറ്റൽ ഗവർണറേറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. രണ്ടുതവണ ഓൾ സ്റ്റൈൽ ഡാൻസ്ബാറ്റിലിൽ ഗൾഫ് ചാമ്പ്യനായി വിജയകിരീടം ചൂടിയ വൈഭവ് ദത്തായിരുന്നു പ്രോഗ്രാം ഡയറക്ടർ.
സീനിയർ വിഭാഗത്തിൽ സൗദിയിൽനിന്നുള്ള ഊസിയും ജൂനിയർ വിഭാഗത്തിൽ ചൈനീസ് ഡാൻസർ അലി ജുൻബോയും വിജയിയായി. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും ഫലകങ്ങളും സമ്മാനിച്ചു. ബി ബോയ് ത്രിബിൾഎക്സ് (റെഡ്ബുൾ ഡാൻസ് വേൾഡ് ഫൈനലിസ്റ്റ്) സൈറ, ഹോപ് (ഓൾ സ്റ്റൈൽ ഫിലിപ്പീൻസ് ചാമ്പ്യൻസ്), ഫിറോ (ജി.സി.സി ഓൾ സ്റ്റൈൽ ചാമ്പ്യൻ) തുടങ്ങിയവർ വിധി കർത്താക്കളായി.
കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി മേൽനോട്ടം വഹിച്ചു. ബഹ്റൈൻ ടൂറിസം വകുപ്പുമായി സഹകരിച്ച് മേയിൽ വീണ്ടും മത്സരം സംഘടിപ്പിക്കുമെന്ന് ഓറ ആർട്സ് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂർ പറഞ്ഞു.