മനാമ: ലക്‌നൗ സ്വദേശിയായ രാമു രണ്ട് മാസത്തിലധികമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. പക്ഷാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അവസ്ഥ ഹോപ്പ് ബഹ്‌റൈൻ (പ്രതീക്ഷ) ഹോസ്പിറ്റൽ വിസിറ്റ് ടീം അംഗങ്ങളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. വിസാ കാലാവധി കഴിഞ്ഞും ബഹ്‌റൈനിൽ തുടർന്ന അദ്ദേഹം കഴിഞ്ഞ പതിമൂന്ന് വർഷമായി നാട്ടിൽ പോയിരുന്നില്ല. യാത്രയ്‌ക്ക് ആവശ്യമായ പാസ്സ്പോർട്ടോ മറ്റ് രേഖകളോ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.
വിഷയം ICRF ന്റെയും ഇന്ത്യൻ എംബസ്സിയുടെയും ശ്രദ്ധയിൽ പെടുത്തുകയും സാമൂഹിക പ്രവർത്തകരുടെ കൂട്ടായ ശ്രമഫലമായി യാത്രയ്ക്കുള്ള രേഖകൾ തയ്യാറാക്കുകയുമായിരുന്നു. ICRF അംഗങ്ങളായ കെ ടി സലിം, സുബൈർ കണ്ണൂർ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത്, ഹോപ്പ് അംഗങ്ങളായ സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, അഷ്‌കർ പൂഴിത്തല തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ എംബസ്സി യാത്രയ്ക്ക് ആവശ്യമായ ഔട്ട് പാസും ടിക്കറ്റും നൽകി. വിസയില്ലാതെ ബഹ്‌റൈനിൽ കഴിഞ്ഞതിന്റെ എമിഗ്രെഷൻ ഫൈൻ ICRF അടച്ചു. ഹോപ്പ് ബഹ്‌റൈൻ ഗൾഫ് കിറ്റും ചികിത്സാ സഹായമായി INR 20000/- രൂപയും നൽകി അദ്ദേഹത്തെ യാത്രയാക്കി.









