മനാമ: 2024ലെ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡിന് മഹർ ഫൗണ്ടേഷൻ സ്ഥാപകയും പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകയുമായ സി. ലൂസി കുര്യനെ തെരഞ്ഞെടുത്തതായി സിംസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മെയ് 11ന് ടുബ്ലി മര്മറിസ് ഹാളിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ഖലീൽ ധൈലാമിയും (ബാബ ഖലീൽ), സാമൂഹിക സാംസ്കാരിക മേഖലയിലെ മറ്റു പ്രമുഖരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും.
1956ൽ കണ്ണൂർ ജില്ലയിലെ കോളയാട് ജനിച്ച സി. ലൂസി കുര്യൻ, ഔപചാരിക വിദ്യാഭ്യാസത്തിന് ശേഷം, മുംബൈയിലേക്ക് താമസം മാറുകയും 1980ൽ, സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് എന്ന സന്യാസി സമൂഹത്തിൽ ചേരുകയും ചെയ്തു. 1989ൽ ഹോപ് എന്ന സംഘടനയിൽ ചേർന്ന അവർ 1997ൽ, അടിച്ചമർത്തപ്പെട്ടവരും നിരാലംബരുമായ സ്ത്രീകൾക്ക് സുരക്ഷിതമായ അഭയം നൽകുന്നതിനായി മാഹിർ (മതേഴ്സ് ഹോം) ഫൗണ്ടേഷൻ മഹാരാഷ്ട്രയിൽ സ്ഥാപിച്ചു.
സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 214ലധികം ദേശീയ അന്തർദേശീയ അവാർഡുകളും അംഗീകാരങ്ങളും സി. ലൂസി കുര്യന് ലഭിച്ചിട്ടുണ്ട്.
സ്ത്രീ ശാക്തീകരണത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് 2015ൽ ഇന്ത്യാ ഗവൺമെന്റിന്റെ നാരി ശക്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഫാ. ഡേവിസ് ചിറമേൽ, ബഹ്റൈൻ ഡിസേബിൾഡ് സൊസൈറ്റി ചെയർമാനും രാജ കുടുംബാംഗവും ആയ ശൈഖ് ദുവൈജ് ഖലീഫ ബിൻ ദുവൈജ് ആൽ ഖലീഫ, നവജീവൻ ട്രസ്റ്റ് സാരഥി പി.യു തോമസ്, കെ.എം.സി.സി ബഹ്റൈൻ ഘടകം, ഡോ. എം.എസ് സുനിൽ, പ്രമുഖ സാമൂഹിക പ്രവർത്തക ദയ ഭായി തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ലഭിച്ചത്.
വാർത്തസമ്മേളനത്തിൽ സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ, കോർ ഗ്രൂപ് ചെയർമാൻ പോൾ ഉരുവത്, ഭരണസമിതി അംഗങ്ങളായ സിജോ ആന്റണി, രതീഷ് സെബാസ്റ്റ്യൻ, മുൻ പ്രസിഡന്റ് ചാൾസ് ആലുക്ക, മുൻ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബഹ്റൈൻ ഫൈനാൻസിങ് കമ്പനിയാണ് അവാർഡ് ഫങ്ക്ഷന്റെ മുഖ്യ പ്രായോജകർ.