മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. 33ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനും യു.എന്നും തമ്മിൽ നിലനിൽക്കുന്ന ബന്ധവും സഹകരണവും ചർച്ചയായി. യു.എൻ പദ്ധതികൾ നടപ്പാക്കുന്നതിൽ ബഹ്റൈന്റെ താൽപര്യത്തെ ഗുട്ടെറസ് പ്രത്യേകം എടുത്തു പറഞ്ഞു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവ പരിഹരിക്കുന്നതിന് സ്വീകരിച്ചു കൊണ്ടിരിക്കുന്ന മാർഗങ്ങളും ചർച്ചയിൽ ഉയർന്നു. വിവിധ രാജ്യങ്ങൾക്കും ജനവിഭാഗങ്ങൾക്കുമിടയിൽ ബന്ധങ്ങൾ ഊഷ്മളമാക്കാനും സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും പകരം സമാധാനവും സുരക്ഷിതത്വവും സാധ്യമാക്കാനുമുള്ള യു.എന്നിന്റെ ശ്രമങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് ഹമദ് രാജാവ് അറിയിച്ചു.
യു.എൻ നടത്തിക്കൊണ്ടിരിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും സജീവമായി തുടരാനും അതിന് നേതൃപരമായ പങ്ക് വഹിച്ചു മുന്നോട്ടുപോകാനും ഗുട്ടെറസിന് സാധ്യമാകട്ടെയെന്നും ഹമദ് രാജാവ് ആശംസിച്ചു.
തനിക്ക് നൽകിയ മനം നിറഞ്ഞ സ്വീകരണത്തിനും ആതിഥ്യ മര്യാദക്കും ഗുട്ടെറസ് പ്രത്യേകം നന്ദി ഹമദ് രാജാവിന് പ്രകാശിപ്പിക്കുകയും ചെയ്തു. വരും കാലങ്ങളിൽ കൂടുതൽ സഹകരണത്തോടെ മുന്നോട്ടു പോകാൻ സാധിക്കുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവെച്ചു.