മനാമ: ബി.എഫ്.സി ഇന്ത്യൻ ക്ലബ് മേയ് ക്വീൻ 2024 മത്സരം ഗ്രാൻഡ് ഫിനാലെ മേയ് 31ന് നടക്കും. കാഷ്വൽ ആന്‍ഡ് ടാലന്റ് റൗണ്ടും നാഷണൽ കോസ്റ്റ്യൂം പരേഡും വിജയകരമായി പൂർത്തിയാക്കിയതോടെ ഫൈനൽ റൗണ്ടിന് കളമൊരുങ്ങിയെന്ന് ഭാരവാഹികൾ വാത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ വർഷത്തെ തീം ‘യൂ ആർ ബ്യൂട്ടിഫുൾ (ബോഡി പോസിറ്റിവിറ്റി)’ എന്നതാണ്. കാഴ്ചക്കതീതമായ സ്ത്രീത്വത്തിന്റെ ആഘോഷമാണ് മത്സരം കൊണ്ടുദ്ദേശിക്കുന്നതെന്നും പ്രായഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാൻ അവസരം നൽകിയെന്നും സംഘാടകർ പറഞ്ഞു. ആരോഗ്യം, ചർമം, കേശ സംരക്ഷണം, പബ്ലിക് സ്പീക്കിങ്, മാനസികാരോഗ്യം, യോഗ തുടങ്ങി വിവിധ മേഖലകളിൽ മത്സരാർഥികൾക്കായി ഗ്രൂമിങ് സെഷനുകളും വിദഗ്ധ സെഷനുകളും ക്രമീകരിച്ചു.
പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫറും സെലിബ്രിറ്റിയുമായ കരുൺ രാമനാണ് ഷോ കൊറിയോഗ്രാഫർ. 25 ഫൈനലിസ്റ്റുകളെയാണ് ഫൈനൽ റൗണ്ടിലേക്ക് പരിശീലിപ്പിക്കുന്നത്. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, അരുൺ (ബി.എഫ്.സി), ഇന്ത്യൻ ക്ലബ് എൻറടെയ്ൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ, അസി. എന്റർടൈൻമെന്റ് സെക്രട്ടറി റൈസൺ വർഗീസ്, ഇവന്റ് ഡയറക്ടർ ടീന മാത്യു നെല്ലിക്കൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.