മനാമ: മനാമ സൂഖ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ തീ പിടിത്ത മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ഓൾഡ് മനാമ സൂഖ് കമ്മിറ്റി വൈസ് പ്രസിഡന്റ് മഹ്മൂദ് അൽ നമ്ലേത്തി. ജൂൺ 12 ബുധനാഴ്ച മൂന്ന് പേർ മരിക്കുകയും, ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത വലിയ തീപിടുത്തത്തിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. തീ പിടിത്തമുണ്ടായ വ്യാപാരസ്ഥലങ്ങളുടെ ഉടമസ്ഥർക്കും ജീവനക്കാർക്കും ഉണ്ടായ ജീവനോപാധികൾക്കുള്ള നഷ്ടപരിഹാരം നൽകാൻ അധികൃതരോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ 30 മണിക്കൂർ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണത്തിൽ കൊണ്ടുവന്നതെന്നും, 25 കടകൾ പൂർണ്ണമായും നശിക്കുകയും നിരവധി കടകൾക്ക് നാശം സംഭവിച്ചതായും അൽ നമ്ലേത്തി പ്രസ്താവനയിൽ അറിയിച്ചു.
ഉപജീവന മാർഗം നഷ്ടപ്പെട്ട കട ഉടമകൾക്കും ജീവനക്കാർക്കും നഷ്ടപരിഹാരം നൽകുന്നത് അത്യന്താപേക്ഷിതമാണ്. അവരുടെ ഏക വരുമാന സ്രോതസ്സായിരുന്നു അത്. ഈദ് സീസണിൽ വലിയ കച്ചവടം പ്രതീക്ഷിച്ചവർക്ക് വലിയ നഷ്ടമാണ് ദുരന്തം മൂലമുണ്ടായത്. കരുതിവെച്ചിരുന്ന സ്റ്റോക്ക് മുഴുവൻ നശിച്ചു. സൂഖിൽ ജോലിചെയ്യുന്ന വിവിധ രാജ്യക്കാരായ ആളുകളും നഷ്ടപരിഹാരത്തിന് അർഹരാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്മോക് ഡിറ്റക്ടറുൾപ്പെടെയുള്ള ആധുനിക സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവും കച്ചവടക്കാർ ഉയർത്തുന്നു.