മനാമ: സഖിർ പാലസ് പള്ളിയിൽ ഈദ് പ്രാർത്ഥന നിർവഹിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ഹമദ് രാജാവിന്റെ പുത്രന്മാർ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, മന്ത്രിമാർ, ഡിപ്ലോമാറ്റിക് കോർപ്സ് ഡീൻ, അംബാസഡർമാർ, ബഹ്‌റൈൻ പ്രതിരോധ സേനയിലെ മുതിർന്ന അംഗങ്ങൾ, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, ബഹ്‌റൈൻ കുടുംബങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പുറമെ മറ്റു വിശ്വാസികളും സഖിർ കൊട്ടാരത്തിലെ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തു.
സുന്നി വെൽഫെയർ കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹജിരി പ്രഭാഷണം നടത്തി. ഇദ് അൽ അദ്ഹയുടെ മൂല്യങ്ങളും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന ശക്തമായ സമൂഹ മനോഭാവവും അദ്ദേഹം പ്രഭാഷണത്തിൽ പ്രതിപാദിച്ചു
പ്രാർത്ഥനയ്ക്ക് ശേഷം, പ്രിൻസ് സൽമാൻ വിശ്വാസികളെ അഭിവാദ്യം ചെയ്തു. ഈദ് ആശംസകള്‍ നേർന്ന അദ്ദേഹം, സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു വർഷം നമുക്ക് നൽകാൻ ദൈവം അനുഗ്രഹം ചൊരിയട്ടെയെന്ന് പ്രാർത്ഥിച്ചു.