മനാമ: ബഹ്‌റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തിൽ വരുമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു. തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ മധ്യാഹ്നങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കും. നിയന്ത്രണം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും പുറത്ത് സൂര്യതാപം നേരിടുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ പുറം ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണമെന്നതാണ് നിയമം.
വേനല്‍ കഠിനമാകുമ്പോള്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നതിലൂടെ ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. വര്‍ഷംതോറും ഇതിനോട് മികച്ച പ്രതികരണമാണ് തൊഴിലുടമകളില്‍നിന്ന് ലഭിക്കുന്നത്. ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിട്ടുള്ള സമയത്ത് തൊഴിലെടുപ്പിച്ചാല്‍ ആ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും.
തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍വരെ ഈ നിയന്ത്രണം സഹായകുന്നതായാണ് കണ്ടുവരുന്നത്. അതിരാവിലെ ജോലിയാരംഭിച്ച് നേരത്തേ ജോലി അവസാനിപ്പിക്കുന്നതും ഉചിതമായിരിക്കുമെന്ന് വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. ചൂട് വര്‍ദ്ധിക്കുന്ന ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നു മാസം വരെ തടവോ 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ചുമത്തും.