മനാമ: ആഹാരധാന്യങ്ങളുടെയും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെയും വിലവര്‍ധന മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് പാർലിമെന്റ് അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന്റെ നേതൃത്വത്തിലാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ധാന്യ പൊടികൾക്ക് 35% മുതൽ 100% വരെ വിലവർധന ഉണ്ടാവുമെന്ന് ബഹ്റൈൻ ഫ്ലോർ മിൽസ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എംപിമാര്‍ അടിയന്തിര യോഗം വിളിച്ച് ഈ നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
അംഗീകൃത ബേക്കറികൾക്കുള്ള സബ്സിഡി നിലനിർത്തിയിട്ടുണ്ടെങ്കിലും പൊതുവിപണിയിൽ മൈദക്ക് രണ്ടു ദിനാറിലധികം വില വർധിച്ചിരുന്നു. ഗോതമ്പ് വില ആഗോള തലത്തിൽ വർധിച്ചതിനാൽ വില വർധിപ്പിക്കാതെ മാർഗമില്ലെന്ന നിലപാടിലാണ് കമ്പനി. റഷ്യ-യുക്രെയ്ൻ സംഘർഷവും വില വർധനക്ക് കാരണമായെന്ന് പറയുന്നു. വില വർധന റൊട്ടി, പേസ്ട്രികൾ, പിസ്സ, മധുരപലഹാരങ്ങൾ, കന്നുകാലി തീറ്റ എന്നിവയുൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കളുടെ വില ഉയരാനിടയാക്കുമെന്ന് നിരവധി എം.പിമാർ ആശങ്ക പ്രകടിപ്പിച്ചു.
വിലവർധന മൂന്നു മാസത്തേക്ക് മാറ്റിവെക്കുന്നത് വിഷയത്തിൽ മറ്റ് പരിഹാരമാർഗങ്ങൾ ആലോചിക്കാൻ അധികാരികൾക്ക് സമയം നൽകുമെന്ന് മുസല്ലം പറയുന്നു. കുടുംബങ്ങൾക്ക് മാത്രമല്ല, കന്നുകാലി ഫാമുകൾക്കും വ്യാപാരികൾക്കും വർധനയുടെ ആഘാതമുണ്ടാകും. വിഷയം ചർച്ചചെയ്യാനായി വിളിച്ച യോഗത്തിൽ എം.പിമാരും ശൂറ കൗൺസിൽ അംഗങ്ങളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. വിലവർധന പിൻവലിക്കണമെന്ന ആവശ്യം ചില എം.പി മാർ ഉയർത്തി. സർക്കാർ വിഷയം പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്ന് സർക്കാർ പ്രതിനിധികൾ പറഞ്ഞു.