മനാമ: പ്രായം പഠനത്തിന് തടസ്സമല്ലെന്നും പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ബഹ്റൈൻ പ്രതിഭയുടെ മുൻരക്ഷാധികാരി സമിതി അംഗം കണ്ണൂർ ജില്ലയിലെ ആറ്റടപ്പ സ്വദേശി വി.വി.പ്രേമരാജൻ. സ്വന്തം പരിശ്രമത്തിൻ്റെ ഫലമായി കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബി.എ ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് നല്ലൊരു വായനക്കാരനായ പ്രേമരാജൻ. കൂടാളിയിലെ പാവപ്പെട്ട കുടുംബത്തിൽ പിറന്ന് പത്താം ക്ലാസ് പാസ്സായതോടെ പഠനം നിർത്തേണ്ടി വന്നു. തോട്ടടയിലെ ഇരുമ്പു കമ്പനിയിൽ ജോലിയിൽ ത തുടർന്ന് കൊണ്ടിരിക്കെ പ്രവാസജീവിതത്തിലേക്ക് കടന്നു.
സൽമാബാദിൽ ഗാരേജിൽ വാഹനങ്ങളുടെ സൈലൻസർ റിപ്പയർ ജോലിയായിരുന്നു ചെയ്ത് കൊണ്ടിരിക്കുന്നത്. സൽമാബാദ് പ്രദേശത്തെ ബഹ്റൈൻ പ്രതിഭ കൺവീനറായി പ്രവർത്തിക്കെ നിരവധി അനവധിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായിരുന്നു പ്രേമരാജൻനേതൃത്വം നൽകിയത്. പ്രയാസത്തിലകപ്പെട്ട അന്യ സംസ്ഥാനക്കാർ പോലും കേട്ടറിഞ്ഞ് കൊണ്ട് അദ്ദേഹത്തിൻ്റെ സഹായം ലഭിക്കാനായി അന്വേഷിച്ച് വരാറുണ്ടായിരുന്നു. ഒരു സൈക്കിളിൽ സഞ്ചരിച്ച് കൊണ്ട് സൽമാബാദ് പ്രദേശത്തെ ഗാരേജ് തൊഴിലാളികൾ അടക്കമുള്ള ആളുകളെ ബഹ്റൈൻ പ്രതിഭയിൽ അംഗങ്ങളാക്കി ശക്തമായ പ്രതിഭ യൂണിറ്റാക്കി സൽമാബാദിനെ വളർത്താൻ ജോലിക്കിടയിലും വിശ്രമ വേളകളിലും അക്ഷീണമായ പ്രയ്തനമാണ് അദ്ദേഹം നടത്തിയത്.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ പ്രേമരാജൻ സാമൂഹ്യ പ്രവർത്തനത്തിൽ സജീവമായതിനെത്തുടർന്ന് ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലയുടെ സിക്രട്ടറിയായി. തൻ്റ മുടങ്ങി പോയ വിദ്യാഭ്യാസം കൂടുതൽ ഉയരത്തിലെത്തിക്കുക എന്ന ത്വര വളർന്നത് ഈ സാഹചര്യത്തിലാണ്. അതിനായി സാക്ഷരതയിലൂടെ പ്ലസ് ടു പഠനം ആരംഭിക്കുകയും മുഴുവൻ എ പ്ലസോടെ പ്ലസ്ടു പാസ്സായ സംസ്ഥാനത്തെ ആദ്യത്തെ പ്രായം കൂടിയ പഠിതാവായി മാറുകയും ചെയ്തു. ശേഷം കോഴിക്കോട് സർവ്വകലാശാലക്ക് കീഴിൽ പ്രൈവറ്റായി പഠിച്ചാണ് ഇപ്പോൾ ബിരുദം കരസ്ഥമാക്കിയിരിക്കുന്നത് കാലിക്കറ്റ് സർവകലാശാല വളപ്പിൽ നടന്ന ബിരുദദാന ചടങ്ങിൽ പ്രൊ വൈസ് ചാൻസലർ ഡോ: എം. നാസറിൽ നിന്നുമാണ് അദ്ദേഹം ബിരുദം സർട്ടിഫിക്കറ്റ് സ്വീകരിച്ചത്.
പഠനകാര്യത്തിൽ ഈ വിധം മുന്നേറുന്ന ദീർഘകാലം പ്രവാസം ജീവിതം നയിച്ച അത്യുത്സാഹശാലിയായ ഈ മുൻ പ്രവാസിക്ക് അഡ്വക്കറ്റാവുക എന്ന സ്വപ്നം പൂവണിയാൻ വലിയ ദൂരമില്ല. ഭാര്യ വാരം യു പി സ്കൂളിലെ റിട്ട. അദ്ധ്യാപികയായ അനിതയിൽ നിന്നും മക്കളായ ഡോ.അശ്വന്ത്, ഡോ. ഐശ്വര്യ എന്നിവരിൽ നിന്നും വളരെ വലിയ പ്രോത്സാഹനമാണ് പ്രേമരാജന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പരിശ്രമിച്ചാൽ എന്തും നിഷ്പ്രയാസം നേടിയെടുക്കാമെന്ന് പുതു തലമുറയ്ക്ക് വഴികാട്ടുകയാണ് ഗ്രന്ഥശാലാ പ്രവർത്തകനായ ഈ മുൻ പ്രവാസി. അദ്ദേഹത്തിൻ്റെ ഈ നേട്ടത്തിൽ പ്രതിഭ പ്രവർത്തകർ ഒന്നടങ്കം അഭിമാനം കൊള്ളുന്നതായും പ്രതിഭ നേതൃത്വം അഭിനന്ദിക്കുന്നതായും പ്രവാസജീവിതകാലത്ത് പ്രതിഭക്കും പ്രവാസികൾക്കും നൽകിയ എണ്ണമറ്റ കാരുണ്യ പ്രവർത്തനങ്ങളെ ഹൃദയത്തിൽ സൂക്ഷിക്കുമെന്നും പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ അറിയിച്ചു.