മനാമ: ജീവനക്കാർ മിന്നൽ പണിമുടക്കിയ നാൾ മുതൽ തുടരുന്ന എയർ ഇന്ത്യ യാത്രക്കാരുടെ ദുരിതം നാൾക്ക് നാൾ കൂടുന്നതല്ലാതെ കുറയുന്നില്ല. എയർ ഇന്ത്യ മാനേജ്മെൻറിൻ്റ നിരുത്തരവാദപരമായ സമീപനം മൂലം വിവിധ രാജ്യങ്ങളിലേക്ക് അങ്ങോട്ടുമിങ്ങോട്ടുമുള്ള ഷെഡ്യുൾ മുടങ്ങി യാത്രകൾ താളം തെറ്റി കിടക്കുന്നു. വിദേശ രാജ്യങ്ങളിലെ മലയാളികളായ പ്രവാസി യാത്രക്കാരുടെ ജീവിതത്തെ ഇത് വലിയ തോതിൽ ബാധിച്ചിരിക്കുന്നു. കേരളത്തിൽ ഇന്ന് നടക്കുന്ന പി.എസ്.സി. യുടെ അധ്യാപക തസ്തിക പരീക്ഷ എഴുതേണ്ട നിരവധി ഉദ്യോഗാർത്ഥികളാണ് എയർ ഇന്ത്യയുടെ യാത്രാ മുടക്കം കൊണ്ട് അതിന് സാധിക്കാതെ ബഹ്റൈനിൽ കുടുങ്ങി പോയത് . ഇനി മൂന്നുവർഷം കഴിയണം വീണ്ടുമൊരു പരീക്ഷക്ക് അവർക്കിനി അപേക്ഷ നൽകാൻ. അനുവദീനയമായ പ്രായ പരിധി അപ്പോഴേക്കും കഴിയുന്നവർക്ക് സർക്കാർ ഉദ്യോഗം എന്ന സ്വപ്നം കിട്ടാക്കനിയായി അവശേഷിക്കുകയും ചെയ്യും.
30 ദിവസത്തെ അവധി കമ്പനിളിൽ നിന്ന് ലഭിച്ചവർക്ക് നിശ്ചിത തിയ്യതിക്കുള്ളിൽ പോകാൻ കഴിയാത്തതിനാൽ നഷ്ടപ്പെടുന്നത് നാട്ടിൽ ഉറ്റവർക്കും ഉടപ്പിറന്നവർക്കും ഒപ്പം കഴിയേണ്ട വിലപ്പെട്ട ദിനങ്ങളാണ്. അസുഖ ബാധിതരായി നാട്ടിൽ പോകുന്ന രോഗികളായ പ്രവാസി യാത്രക്കാർക്കും ഡോക്ടറെ കണ്ട് മുട്ടാൻ നേരത്തെ ഉറപ്പിച്ച തിയ്യതി നഷ്ടപ്പെടുന്നു. വിവാഹ ആവശ്യത്തിന് പോകുന്നവരും അത് യഥാസമയം നിർവ്വഹിക്കാൻ കഴിയാതെ വലയുന്നു. ചുരുക്കത്തിൽ പ്രവാസികളായ നാനാവിധരായ യാത്രക്കാരെ എയർ ഇന്ത്യയുടെ വിമാനം റദ്ദ് ചെയ്യലും , ഷെഡ്യൂൾ മാറ്റലും വശം കെടുത്തിയിരിക്കുകയാണ്.
രണ്ട് ഓപ്ഷനുകൾ മാത്രമാണ് യാത്രക്കാർക്ക് മുമ്പാകെ എയർ ഇന്ത്യ വെക്കുന്നത്. ഒന്നെങ്കിൽ ക്യാൻസൽ ചെയ്ത് കാശ് വാങ്ങി പോവുക. അതല്ല എങ്കിൽ അതേ സെക്ടറിൽ പുതിയ ഷെഡ്യൂളിൽ എപ്പോഴാണോ ഫൈറ്റ് ആ ദിവസം വരെ കാത്തിരിക്കുക. അതല്ലാതെ എയർ ഇന്ത്യയുടെ തന്നെ മറ്റേതെങ്കിലും വിമാനത്തിൽ അന്നേദിവസമോ തൊട്ടടുത്ത ദിവസമോ കേരളത്തിലെ തന്നെ മറ്റേതെങ്കിലും വിമാനത്തവളത്തിലേക്ക് ടിക്കറ്റ് മാറ്റി കൊടുക്കുകയോ മറ്റ് എയർലൈൻസുകൾ ചെയ്യുന്നത് പോലെ ക്യാൻസൽ ചെയ്ത ഫ്ലൈറ്റുകൾക്ക് ഒരു തരത്തിലുള്ള കോമ്പൻസേഷൻ നൽകി തങ്ങളുടെ യാത്രക്കാരുടെ പ്രയാസത്തെ ലഘൂകരിക്കാനോ എയർ ഇന്ത്യ അധികൃതർ തയ്യാറാവുന്നില്ല.
അടിയന്തിരമായി കേന്ദ്ര സിവിൽ എവിയേഷൻ മന്ത്രാലയം ഇതിൽ ഇടപെട്ട് പരിഹാരം കാണണം. ഇതിനായി കേരള സർക്കാറും അതിൻ്റ പ്രവാസി കോർഡിനേഷൻ വിഭാഗമായ നോർക്കയും ശക്തമായ ഇടപെടണം. ബഹ്റൈൻ പ്രതിഭ ഈ യാത്രാ ദുരിതത്തിൽ അകപ്പെട്ടവർക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാനായി വിവിധ സർക്കാർ മേഖലകളിൽ പരാതി നൽകിയിരിക്കുകയാണ്. ബഹ്റൈൻ പ്രവാസികളായ എയർ ഇന്ത്യ യാത്രക്കാരുടെ ദുരിതത്തിൽ ഇടപെടാൻ ബഹുമാനപ്പെട്ട ഇന്ത്യൻ എംബസിയോടും അഭ്യർത്ഥിക്കുകയുണ്ടായി. വിവിധ മന്ത്രാലയങ്ങളിലേക്കും കേരള മുഖ്യമന്ത്രിയുടെ സത്വര ശ്രദ്ധ യാത്രാ ദുരിതത്തിലേക്ക് ക്ഷണിച്ച് കൊണ്ട് കത്തെഴുതിയതായും പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ,ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ എന്നിവർ പത്ര കുറിപ്പിൽ വ്യക്തമാക്കി കൂടാതെ ലോക കേരളസഭ അംഗങ്ങളായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, പി. ശ്രീജിത് എന്നിവർ ലോക കേരള സഭ സെക്രട്ടേറിയറ്റിൻ്റെ സത്വര ശ്രദ്ധയും ഈ വിഷയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
								
															
															
															
															








