മനാമ: കുട്ടികളെ അറിവിന്റെ വിശാലമായ ലോകത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച “ലിറ്റിൽ പ്ലാനറ്റസ്’24” പരിപാടി വൻ വിജയമായി. ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 50 ഓളം കുട്ടികൾ പങ്കെടുത്ത ഈ പരിപാടിയിൽ ക്വിസ്, സെമിനാർ, അവാർഡ് ദാനം എന്നിവ ഉൾപ്പെട്ടിരുന്നു.
സയൻസ് കേരള ചാനൽ എഡിറ്റർ അരുൺ രവി പരിപാടിയുടെ ഉദ്ഘാടന പ്രഭാഷണം നടത്തി. ഇന്ത്യൻ ഭരണഘടനയുടെ 51-എ (എച്ച്) അനുച്ഛേദപ്രകാരം ശാസ്ത്രബോധം പ്രചരിപ്പിക്കുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശാസ്ത്രരംഗത്തെ പുതിയ വികസനങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന വെല്ലുവിളികളും നേരിടാൻ അറിവും കാഴ്ചപ്പാടും നമ്മുടെ കുട്ടികൾക്ക് നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സൗരയൂഥം കേന്ദ്ര വിഷയമായ സെമിനാറിൽ 15 കുട്ടികൾ വിവിധ ഗ്രഹങ്ങളെക്കുറിച്ച് ശാസ്ത്രീയമായ രീതിയിൽ അവതരിപ്പിച്ചു. വളർന്നുവരുന്ന തലമുറയിൽ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ സെമിനാർ. ക്വിസ് മത്സരത്തിൽ വിജയികൾക്ക് സർട്ടിഫിക്കറ്റ്, മെഡൽ, മറ്റ് സമ്മാനങ്ങൾ പ്രതിഭയുടെ ഭാരവാഹികൾ വിതരണം ചെയ്തു.
പരിപാടി വളരെയധികം ശ്രദ്ധ ആകർഷിച്ചു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രതിഭ ശാസ്ത്ര ക്ലബ്ബ് നടത്തുന്ന ഇത്തരം പരിപാടികൾ വളരെ പ്രശംസനീയമാണെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.