പ്രവാസികളുടെ യാത്രാപ്രശ്ന പരിഹാരത്തിന് സംഘടിത മുന്നേറ്റം അനിവാര്യം; വെൽഫെയർ ബഹുജന സംഗമം

മനാമ: നിരന്തരം തുടരുന്ന പ്രവാസികളുടെ യാത്രാദുരിതങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുവാൻ രാജ്യത്തെ വിമാന കമ്പനികൾക്ക് എന്നപോലെ സർക്കാറുകൾക്കും ബാധ്യതയുണ്ട് എന്ന് താളം തെറ്റുന്ന ആകാശ യാത്ര എന്ന പേരിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹുജന സംഗമം അഭിപ്രായപ്പെട്ടു. പ്രവാസികൾ കൂടുതലായി യാത്ര ചെയ്യുന്ന ഉത്സവ സീസണുകളിലും കുടുംബവുമായി യാത്ര ചെയ്യുന്ന മധ്യവേനലവധിക്കാലത്തും അമിത ചാർജ്ജ് ഈടാക്കിയും ഷെഡ്യൂളുകൾ അവസാന നിമിഷം റദ്ദാക്കിയും വിമാനക്കമ്പനികൾ പ്രവാസികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കാൻ പ്രവാസ ലോകത്തുനിന്നും ഒറ്റക്കെട്ടായി പ്രതിഷേധം ഉണ്ടാകേണ്ടതുണ്ട് എന്ന് സംഗമം വിലയിരുത്തി.

 

പ്രവാസികളോട് ആർക്കും എന്തും ആവാമെന്ന സമീപനം അംഗീകരിച്ചു തരാനാവില്ല. അർഹതപ്പെട്ട അവകാശങ്ങളും സേവനങ്ങളും ഉറപ്പ് വരുത്താതെ പ്രവാസികളെ കേവലം കറവപ്പശുക്കളെ പോലെ കൈകാര്യം ചെയ്യുന്നത് ഭീകരമായ അനീതിയാണ്. പ്രശ്നത്തിൽ കേന്ദ്ര – കേരള സർക്കാറുകൾ അടിയന്തരമായി ഇടപെടുകയും ശാശ്വതമായ പരിഹാരം കണ്ടെത്തുകയും വേണം എന്നും സംഗമം ആവശ്യപ്പെട്ടു.
രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിയിൽ ഗണ്യമായ സംഭാവനകൾ നൽകുന്നവരാണ് പ്രവാസികൾ എങ്കിലും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിത്തം ഇല്ലാത്തതിനാൽ കാലാ കാലങ്ങളിൽ നാടുഭരിച്ച ഭരണകൂടങ്ങളിൽ നിന്നും അർഹമായ നീതി ലഭിക്കാതെ പോയ ഒരു സമൂഹമാണ് പ്രവാസികൾ എന്നതിനാൽ പ്രവാസികളുടെ വോട്ടവകാശത്തിനായുള്ള ചർച്ചകൾ സജീവമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

 

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിൽ പെട്ട രാജ്യത്തിൻറെ അഭിമാനമായിരുന്ന വിമാനക്കമ്പനിയെ കെടുകാര്യസ്ഥതയും ഉത്പാദനക്ഷമതയിലെ കുറവും നഷ്ടക്കണക്കും പറഞ്ഞു സ്വകാര്യ മേഖലയ്ക്ക് വിറ്റതിനുശേഷവും യാത്രാ പ്രശ്നങ്ങൾ രൂക്ഷമായതല്ലാതെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് പുതിയ പ്രതിസന്ധികളിൽ നിന്നും മനസ്സിലാകുന്നത്. എന്നിട്ടും പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാറുകൾ യാതൊരു ഉത്തരവാദിത്വവും കാണിക്കുന്നില്ല.

 

ചരിത്രത്തിലാദ്യമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും യൂസർഫീ ഏർപ്പെടുത്തിയത് നീതികരിക്കാനവില്ല. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളിൽ നിന്നും യൂസർ ഫീ ഈടാക്കുന്നത് അനീതിയാണ് എന്നും സംഗമം വിലയിരുത്തി.

കെഎംസിസി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, പ്രവാസി ലീഗൽ സെൽ കോഡിനേറ്റർ സുധീർ തിരുനിലത്ത്, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഫ്രണ്ട്സ് ബഹറൈൻ ആക്ടിംഗ് പ്രസിഡൻ്റ് സമീർ ഹസ്സൻ, കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കയ്പമംഗലം, സാമൂഹിക പ്രവർത്തകരായ അബ്രഹാം ജോൺ, സൽമാനുൽ ഫാരിസ്, സാനി പോൾ, കെ ടി സലിം, രാമത്ത് ഹരിദാസ്, കമാല്‍ മുഹിയുദ്ദീൻ, സാജിർ പാപ്പിനിശ്ശേരി, ജാബിർ, മജീദ് തണൽ, എ പി. ഫൈസൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ട് രാഹുൽ വെന്നിയൂർ നിയന്ത്രിച്ച ബഹുജന സംഗമത്തിൽ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ലിഖിത ലക്ഷ്മൺ വിഷയാവതരണം നടത്തി. അനസ് കാഞ്ഞിരപ്പള്ളി സ്വാഗതവും അബ്ദുല്ല കുറ്റ്യാടി നന്ദിയും പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!