മനാമ: ബഹ്‌റൈൻ പ്രതിഭയുടെ മുഹറഖ് മേഖല സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റ്, വോളി ഫെസ്റ്റ് – സീസൺ 3 അത്യുജ്ജ്വലമായി സമാപിച്ചു. സിഞ്ചിലെ അൽ അഹലി ക്ലബിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ആയിരുന്നു വോളി ഫെസ്റ്റ് സീസൺ- 3 ഉദ്ഘാടനം ചെയ്തത്. രണ്ട് ദിവസങ്ങളിലായി നടന്ന വോളിബോൾ മത്സരങ്ങളിൽ ഇന്ത്യ, ഫിലിപ്പീൻ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, അമേരിക്ക, ജർമ്മനി, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾ ഉൾപ്പെടുന്ന 12 പുരുഷ ടീമുകളും, വനിതാ സൗഹൃദ മത്സരത്തിൽ രണ്ട് ഫിലിപ്പീൻസ് ടീമുകളും മാറ്റുരച്ചു.
നിക് ന്യുമാൻ എന്ന 65 കാരനായ അമേരിക്കൻ സ്വദേശി ഉൾപ്പെടെ ഇന്ത്യ, ജർമ്മനി, തായ്‌ലൻഡ്, ഫിലിപ്പിൻസ് എന്നീ അഞ്ചു രാജ്യങ്ങളിലെ പ്രവാസി കളിക്കാരെ അണി നിരത്തിയ ടീം നെറ്റ് വർത്ത് ടൂർണമെന്റിലെ ആവേശമായി മാറി. തിങ്ങി നിറഞ്ഞ വോളിബോൾ പ്രേമികളുടെ മുമ്പാകെ നടന്ന അത്യന്തം ആവേശവും ഉദ്വേഗതയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് വോളി ഫൈറ്റേർസ് ബഹ്‌റൈൻ കെ എം സി സി കോഴിക്കോടിനെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട വോളി ഫൈറ്റേഴ്സ് അടുത്ത രണ്ടുസെറ്റും വിജയിച്ചുകൊണ്ട് തുടർച്ചയായി രണ്ടാം തവണയും പ്രതിഭ വോളിബോൾ കിരീടം നിലനിർത്തുകയായിരുന്നു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി കെ.എം.സി.സി കോഴിക്കോടിലെ ആസിഫ്, ബെസ്റ്റ് സ്പൈക്കർ വോളി ഫൈറ്റേഴ്സിലെ അഭിലാഷ്, ബെസ്റ്റ് സെറ്റർ വോളി ഫൈറ്റേഴ്സിലെ സുബിൻ, ബെസ്റ്റ് ലിബറോ വോളി ഫൈറ്റേഴ്സിലെ ഫവാസ്, ബെസ്റ്റ് സെർവർ ദേശ് പർദേശ് പാകിസ്താനിലെ കമാൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യൻമാരായ വോളി ഫൈറ്റേഴ്സിനുള്ള പുരസ്‌കാരം പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്തും, റണ്ണർ അപ്പായ കെ.എം.സി.സി കോഴിക്കോടിനുള്ള പുരസ്‌കാരം പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴയും കൈമാറി. രണ്ട് ദിവസം നീണ്ടുനിന്ന മത്സരങ്ങൾ ഒട്ടും ആവേശം ചോരാതെ നിയന്ത്രിച്ചത് സാമി ഹസ്സൻ ഇബ്രാഹിം സൊവൈദ്, ജയകുമാർ എന്നിവരായിരുന്നു. പ്രതിഭ മുഹറഖ് മേഖലക്ക് കീഴിലെ വോളി ഫെസ്റ്റ് -3 ഒഫീഷ്യൽ കമ്മിറ്റി മത്സരങ്ങൾക്ക് നേതൃത്വം നൽകി.