മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് (ബി.എ.സി.എ) പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഇന്ത്യൻ സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തുമായി കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹിയിൽ നടന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റി മീറ്റിങ്ങിനിടെയായിരുന്നു കൂടിക്കാഴ്ച. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധം പരാമർശിച്ച ഇരുവരും, വിവിധ മേഖലകളിൽ സാംസ്കാരിക വിനിമയം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത പരിപാടികൾ വികസിപ്പിക്കുന്നതിലുള്ള താൽപര്യവും വ്യക്തമാക്കി.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതക്ക് ശൈഖ് ഖലീഫ മന്ത്രി ശെഖാവത്തിനോട് നന്ദി പറഞ്ഞു. ബി.എ.സി.എയുടേയും ഇന്ത്യൻ സംഘടനകളുടേയും സഹകരിച്ചുള്ള പ്രവർത്തനങ്ങൾ ബഹ്റൈനിലെ ഇന്ത്യൻ സാംസ്കാരിക സാന്നിധ്യം സജീവമായി നിലനിൽക്കാൻ ഇതിനകംതന്നെ കാരണമായിട്ടുണ്ടെന്ന് ശൈഖ് ഖലീഫ അഭിപ്രായപ്പെട്ടു. വേൾഡ് ഹെറിറ്റേജ് കമ്മിറ്റി യോഗം മികവോടെ സംഘടിപ്പിച്ച ഇന്ത്യൻ ഗവൺമെന്റിനെ അദ്ദേഹം അഭിനന്ദിച്ചു.