മനാമ: കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങിയ പാലക്കാട് സ്വദേശിക്ക് ഹോപ്പിന്റെ സഹായം നൽകി. കോൾഡ് സ്റ്റോർ ജീവനക്കാരനായ ലത്തീഫ് മസ്തിഷ്‌കാഘാതം സംഭവിച്ച് സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റാവുകയായിരുന്നു. പുതിയ ജോലിയിൽ പ്രവേശിച്ച് മൂന്നു മാസം മാത്രം ജോലി ചെയ്‌തപ്പോഴാണ് അസുഖ ബാധിതനായത്. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ ഡോക്ടർ നിർദ്ദേശിച്ചു. നാല് മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ നാട്ടിലെ അവസ്ഥയും വളരെ ബുദ്ധിമുട്ടിലായിരുന്നു. നാട്ടിൽ പോകാനും തുടർചികിത്സയ്‌ക്കും മറ്റ് മാർഗങ്ങളില്ലെന്ന് മനസിലാക്കിയ ഹോപ്പ് ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിന് യാത്രാടിക്കറ്റും ചികിത്സാ സഹായമായി 50,000/- രൂപയും നൽകി. കൂടാതെ വെറുംകൈയോടെ മടങ്ങിയ ഇദ്ദേഹത്തിന് മക്കൾക്ക് സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും നൽകിയാണ് ഹോപ്പ് യാത്രയാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് രണ്ട് പേർക്ക്കൂടി ഹോപ്പ് സഹായം നൽകിയിരുന്നു. നാല് മാസമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്നു ബംഗ്ലേദേശ് സ്വദേശിനി ഷാമോലി ബീഗം. ക്യാൻസർ രോഗിയായ അവർ കഴിഞ്ഞ ദിവസം വീൽ ചെയർ സഹായത്തോടെയാണ് തുടർചികിത്സയ്‌ക്കായി മടങ്ങിയത്. ഇവർക്ക് ഹോപ്പ് ചികിത്സാ സഹായമായി RS 30,000/- നൽകിയിരുന്നു. കൂടാതെ രോഗബാധിതനായി നാട്ടിലേയ്ക്ക് മടങ്ങിയ പാകിസ്ഥാൻ സ്വദേശിയായ അയൂബിന് യാത്രാ ടിക്കറ്റും ഹോപ്പ് നൽകിയിരുന്നു.