മനാമ: കടുത്ത വേനൽ ചൂടിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലിടങ്ങളിൽ കരുതലിന്റെ ആശ്വാസവുമായ് പ്രവാസി വെൽഫെയർ ‘പ്രവാസി ആശ്വാസ്’ കിറ്റുകൾ വിതരണം ചെയ്തു. ബഹ്റൈനിലെ വ്യത്യസ്ത പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് പഴവർഗങ്ങളും ജ്യൂസും വെള്ളവും അടങ്ങിയ പ്രവാസി ആശ്വാസ് കിറ്റുകൾ പ്രവാസി വെൽഫെയറിന്റെ സേവന വിഭാഗമായ വെൽകെയറിന്റെ നേതൃത്വത്തിൽ നൽകിയത്.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദ് അലി, സെക്രട്ടറി ജോഷി ജോസഫ് എന്നിവർ വെൽകെയർ കോഡിനേറ്റർമാരായ ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂർ, അബ്ദുല്ല കുറ്റ്യാടി എന്നിവർക്ക് കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു. വരും നാളുകളിലും കൂടുതൽ പ്രദേശങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവാസി സമൂഹത്തിൻ്റെ സഹകരണത്തോടെ പ്രവാസി ആശ്വാസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദ് അലി അറിയിച്ചു. പ്രവാസി ആശ്വാസ കിറ്റുമായി സഹകരിക്കാൻ താത്പര്യമുള്ളവർക്ക് 35976986, 39132324 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.