മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ന് തുടക്കമായി. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (എ.പി.ഇ.ഡി.എ) സഹകരിച്ചാണ് ഫെസ്റ്റിവൽ. ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ് ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഉദ്ഘാടനം ചെയ്തു.
പ്രീമിയം ബസുമതി അരി ഇനങ്ങൾ, ബഫലോ മീറ്റ്, കോഴി, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയടക്കം നിരവധി ഇന്ത്യൻ ഉൽപന്നങ്ങൾ ഫെസ്റ്റിവലിന്റെ ഭാഗമായി ലഭ്യമാണ്. എ.പി.ഇ.ഡി.എ സെക്രട്ടറി ഡോ. സുദാൻഷു, ഡയറക്ടർ ഡോ. തരുൺ ബജാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപാവാലയും സീനിയർ മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് സ്വാഗതം ചെയ്തു.
രാജ്യത്തിലെ ഏറ്റവും വലിയ റീട്ടെയിൽ സാന്നിധ്യമെന്ന നിലയിൽ, ഇന്ത്യൻ ഭക്ഷ്യ-കാർഷിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എ.പി.ഇ.ഡി.എയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു. ഇന്ത്യൻ അരി ഉപയോഗിച്ച് തയാറാക്കിയ ബിരിയാണി, മജ്ബൂസ്, ഗോസി തുടങ്ങിയ രുചിക്കൂട്ടുകൾ ലുലുവിൽ പ്രദർശിപ്പിച്ചു.
എ.പി.ഇ.ഡി.എ സെക്രട്ടറി ഡോ. സുദാൻഷു, ഇന്ത്യൻ ഭക്ഷ്യ സംസ്കരണം, മാംസം, അഗ്രിബിസിനസ് മേഖലകളിൽ ലുലു ഗ്രൂപ് നിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി അഭിനന്ദനം രേഖപ്പെടുത്തി.