ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനെതിരെ സൗദിയുടെ മുന്നറിയിപ്പ്

സൗദി: സൗദി ജനവാസ കേന്ദ്രങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തുന്ന ഹൂതികള്‍ വന്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് സഖ്യ സേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി മുന്നറിയിപ്പ് നല്‍കി. ആയിരക്കണക്കിന് വിദേശികളും സ്വദേശികളും ഉപയോഗിക്കുന്ന ജിസാന്‍ കിംഗ് അബ്ദുള്ള വിമാനത്താവളത്തിനുനേരെ ഞായറാഴ്ച ഉണ്ടായ ഹൂതികളുടെ മിസൈല്‍ ആക്രമണ ശ്രമത്തിനുശേഷം പ്രതികരിക്കുകയായിരുന്നു തുര്‍ക്കി അല്‍ മാലിക്കി. ഹൂതികളുടെ മിസൈല്‍ ആക്രമണത്തെ സൗദി സേന തകർക്കുകയായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഹൂതികള്‍ സൗദിക്കുനേരെ മിസൈല്‍ ആക്രമണം നടത്തുന്നതെന്ന് മാലിക്കി പറഞ്ഞു. തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും മാലിക്കി കൂട്ടിച്ചേര്‍ത്തു.