മനാമ: ഇന്ത്യയുടെ ആത്മാവ് നിലനിൽക്കുന്നത് ബഹുസ്വരതയിലാണെന്നും ബഹുസ്വരതയുടെ സംരക്ഷണത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമാണെന്നും ഐ.സി എഫ് ബഹ്റൈൻ സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു. 78 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന ശീർഷത്തിൽ ഐ.സി.എഫ്. പൗരസഭ സംഘടിപ്പിച്ചത്.
വൈവിധ്യങ്ങളിലാണ് ഇന്ത്യയുടെ ഏകത്വം കുടികൊള്ളുന്നത്. ലോകത്തെങ്ങുമില്ലാത്ത വിധത്തിൽ അനേകം വൈവിധ്യങ്ങളുള്ള ജനത ഒരു ഇന്ത്യയായിരിക്കുന്നത് വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടന ഉള്ളത് കൊണ്ടാണ്. ഭരണഘടനയുടെ ആമുഖം പോലും ഇന്ത്യ എന്ന .ആശയത്തിലേക്കുള്ള ചൂണ്ട് പലകയാണ്. നീതിയും സ്വാതന്ത്ര്യവും അവസര സമത്വവുമാണ് ഭരണഘടനയുടെ കാതൽ. പൗരൻമാരുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റം ഭരണഘടന ഉറപ്പ് നൽകുന്ന നീതിക്കും സമത്വത്തിനും വെല്ലുവിളിയാണെന്നും അത്തരം വെല്ലുവിളികളെ ഭരണഘടന ഉയർത്തിപ്പിടിച്ച് നേരിടമെന്നും പൗരസഭ അഭിപ്രായപ്പെട്ടു.
സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൗര സഭ അബ്ദുൾ സലാം മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ സംഘടനാ കാര്യ പ്രസിഡണ്ട്. ഷാനവാസ് മദനി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്. ബഹ്റൈൻ ജനറൽ സിക്രട്ടറി അഡ്വ: എം.സി.അബ്ദുൾ കരീം പ്രമേയഭാഷണം നടത്തി. ഗഫൂർ കൈപ്പമംഗലം, ബിനു കുന്നന്ദാനം , രാജീവ് വെള്ളിക്കോത്ത്, ഗഫൂർ ഉണ്ണികുളം, ചെമ്പൻ ജലാൽ എന്നിവർ പ്രസംഗിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.