കൊളംബോ സ്ഫോടനം അന്വേഷിക്കാൻ എൻ.ഐ.എ സംഘം ശ്രീലങ്കയിലേക്ക്

ന്യൂഡൽഹി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയെക്കുറിച്ച് അന്വേഷണം നടത്താൻ എൻ.ഐ.എ സംഘം ശ്രീലങ്കയിലേക്ക്. ഐ.എസ് കേരള ഘടകത്തിന്റെ ബന്ധം അന്വേഷിക്കാനാണ് എന്‍.ഐ.എ സംഘം ശ്രീലങ്കയിലെത്തുക. അന്വേഷണത്തില്‍ പങ്കാളികളാവാന്‍ ആഭ്യന്തര മന്ത്രാലയമാണ് എന്‍.ഐ.എയ്ക്ക് അനുമതി നൽകിയത്.

എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ വൈ.സി മോഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീലങ്കയിലേക്ക് പുറപ്പെടുക. നേരത്തെ ദക്ഷിണേന്ത്യയിലുള്ള ഒരു വിഘടനവാദി ഗ്രൂപ്പിന് സ്‌ഫോടനവുമായി ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന തെളിവുകള്‍ ശ്രീലങ്കയിലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ആ തെളിവുകള്‍ ശ്രീലങ്ക ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ തെളിവുകളുടെ കൂടെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടന്‍ ഒരുങ്ങുന്നത്. നേരത്തെ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിൽ നിന്നും ശ്രീലങ്കയിലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട പല നിർണായക വിവരങ്ങളും എന്‍.ഐ.എ യ്ക് ലഭിച്ചിരുന്നു. ഈ വിവരങ്ങളും എന്‍.ഐ.എ സംഘം അന്വേഷിക്കും.