മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവത്തിന്റെ ഭാഗമായി സംഗീത റെസ്റ്റോറന്റുമായി ചേർന്ന് പായസം മത്സരവും തിരുവാതിര കളിയും സംഘടിപ്പിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന മത്സരത്തിൽ നിരവധി മത്സരാർഥികൾ പങ്കെടുത്തു. ജേതാക്കളായ തങ്ക കുമാർ, സൗമ്യ സതീഷ്, അശ്വനി അരുൺ എന്നിവർക്കുള്ള സമ്മാനങ്ങൾ വിധികർത്താക്കളായെത്തിയ പ്രശസ്ത ഷെഫ് യു.കെ. ബാലൻ, മായ ഉദയകുമാർ എന്നിവർ ചേർന്ന് നൽകി.
തുടർന്ന് ശുഭ അജിത്തിന്റെ നേതൃത്വത്തിൽ സൊസൈറ്റി വനിതവേദി പ്രവർത്തകർ സംഘടിപ്പിച്ച വർണാഭമായ തിരുവാതിര അരങ്ങേറി. ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷതവഹിച്ചു. സൊസൈറ്റി സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും എന്റർടൈൻമെന്റ് സെക്രട്ടറി ബിനുമോൻ നന്ദിയും പറഞ്ഞു.
ജനറൽ കൺവീനർ അജിത് പ്രസാദ് പരിപാടികൾ നിയന്ത്രിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ, അത്തപ്പൂക്കളം മത്സരം, കൈകൊട്ടിക്കളി, കുട്ടികളുടെ ഓണാഘോഷ പരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.