മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം ‘ദി ഇന്ത്യൻ ടാലന്റ് സ്കാൻ’ ഒക്ടോബർ 2024 മുതൽ ഡിസംബർ 2024 വരെ നടക്കും. ബഹ്റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും പങ്കെടുക്കാമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വർഗീസ് ജോസഫ് (ചെയർമാൻ), റോയ് സി. ആന്റണി (വൈസ് ചെയർമാൻ),ജോയൽ ജോസ് (വൈസ് ചെയർമാൻ), സിമി ലിയോ (വൈസ് ചെയർമാൻ), ലിയോ ജോസഫ് (എക്സ് ഒഫീഷ്യോ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചതായി കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു.
പരിപാടിയുടെ വിവിധ വശങ്ങൾ ഏകോപിപ്പിക്കാൻ ജോബി ജോർജ്, നിക്സൺ വർഗീസ്, സണ്ണി ഐരൂർ, തോമസ് ജോൺ, നിത്യൻ തോമസ്, ജൂലിയറ്റ് തോമസ്, അശോക് മാത്യു, മനോജ് മാത്യു, ജിതിൻ ജോസ്, ജിൻസ് ജോസഫ്, സോബിൻ സി. ജോസ്, ബാബു വർഗീസ്, വിനോദ് ഡാനിയൽ, ജോഷി വിതയത്തിൽ, ആൽവിൻ സേവി, മരിയ ജിബി, സിമി അശോക്, പ്രെറ്റി റോയ്, ഷൈനി നിത്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചു.
ഇവന്റുകളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 23ന് ആരംഭിക്കുകയും 4 ഒക്ടോബർ 10ന് അവസാനിക്കുകയും ചെയ്യും. ഈ വർഷം നിരവധി പുതിയ ഇവന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 25ന് തുടങ്ങുന്ന മത്സരങ്ങൾ ഡിസംബർ രണ്ടാമത്തെ ആഴ്ചയോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019 സെപ്റ്റംബർ 30നും 2006 ഒക്ടോബർ 1നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഈ വർഷം 5 ഗ്രൂപ്പുകൾക്കുമായി ഏകദേശം 180 വ്യക്തിഗത മത്സര ഇനങ്ങൾ ഉണ്ടായിരിക്കും.
നിരവധി ടീം ഇവന്റുകളുമുണ്ട്. അപേക്ഷകൾ ഓൺലൈനായും ഓഫ്ലൈനായും സ്വീകരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്കുള്ള നിരവധി അവാർഡുകൾക്കും ട്രോഫികൾക്കും പുറമെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും. സ്കൂളുകളുടെ പങ്കാളിത്തത്തിനും പ്രകടന മികവിനും അവാർഡ് നൽകും. മികച്ച നൃത്ത അധ്യാപകൻ, മികച്ച സംഗീത അധ്യാപകൻ എന്നിവർക്കും അവാർഡ്
നൽകും. മുൻകാല ടാലന്റ് സ്കാൻ മത്സരങ്ങളിൽ രക്ഷിതാക്കളിൽനിന്ന് ലഭിച്ച നല്ല പ്രതികരണത്തിന് കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദി രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി ചെയർമാൻ വർഗീസ് ജോസഫ് (38185420 or 38984900) അല്ലെങ്കിൽ വൈസ് ചെയർമാന്മാരായ റോയ് സി. ആന്റണി (39681102), ജോയൽ ജോസ് (36077033), സിമി ലിയോ (36268208), എക്സ് ഒഫീഷ്യോ ലിയോ ജോസഫ് (39207951) എന്നിവരെ ബന്ധപ്പെടുക.