മനാമ: കേരള സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവാദിത്തത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളുടെ പ്രചരണാർഥം, സീഫിലെ റമദാ ഹോട്ടലിൽ പ്രവാസി മീറ്റ് നടന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ സനൽ എസ്.കെ. സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ലോക കേരള സഭ അംഗം സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. യു.പി. ജോസഫ്, എം.സി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു. നിരവധി സംഘടന പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
സദസ്സിന്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മാനേജിങ് ഡയറക്ടർ സനൽ മറുപടി പറഞ്ഞു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി സർക്കാർ ഗാരന്റിയുള്ള ഇന്ത്യയിലെ ഏക ചിട്ടിയാണ്. കെ.എസ്.എഫ്.ഇ ചിട്ടി ഡെപ്യൂട്ടി ജനറൽ മാനേജർ കൃതജ്ഞത രേഖപ്പെടുത്തി. സമ്പാദ്യത്തിനും വായ്പയെടുക്കാനും ഒരുപോലെ സൗകര്യമുള്ള കെ.എസ്.എഫ്.ഇ ചിട്ടി, പ്രവാസികൾക്ക് ഏറെ ഗുണകരവും സൗകര്യപ്രദമാണെന്നും പ്രവാസി മീറ്റ് വിലയിരുത്തി.