മനാമ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ബഹ്റൈൻ യാത്രക്കാർ, അതിൽ കൂടുതലും സാധാരണ തൊഴിൽക്കാരായ പ്രവാസികളാണ്. യാത്രക്കാർക്ക് കഴിഞ്ഞിടെയുണ്ടായ യൂസേഴ്സ് ഫീസ് വർധന മൂലം അനുഭവപ്പെടുന്ന താങ്ങാനാവാത്ത സാമ്പത്തിക ഭാരത്തെക്കുറിച്ചും, അതിനാൽ സംഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വോയിസ് ഓഫ് ട്രിവാൻഡ്രം പ്രതിനിധികൾ രാജ്യസഭാ അംഗം സുനീർ പി പി യെ കണ്ടുമുട്ടി നിവേദനം നൽകി.
തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്ക് കൂടുതൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ള ദേശീയ വിമാന കമ്പനികളുടെ സർവീസുകൾ കൂടുതൽ വർധിപ്പിക്കണമെന്നത് ഈ നിവേദനത്തിന്റെ പ്രധാന ഭാഗമായിരുന്നു. തുടർച്ചയായി നടക്കുന്ന ഫ്ലൈറ്റ് റദ്ദാക്കലുകളും മറ്റ് അവ്യക്തതകളും സാധാരണ പ്രവാസികൾക്ക് ഭീമമായ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ഇത് പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചു.
സാധാരണ പ്രവാസികളുടെ പ്രശ്നങ്ങളെ ഹൃദയപൂർവ്വം അനുഭവിക്കുന്ന എംപി സുനീർ പി പി, ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും, കേന്ദ്ര വ്യോമഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ ഇത് കൊണ്ടുവന്ന് സമുചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യമുയർത്തി.
നിവേദനം നൽകിയത് വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ്, വൈസ് പ്രസിഡന്റ് മനോജ് വർക്കല, സെക്രട്ടറി അരവിന്ദ്, ലോക കേരള സഭാംഗം ഷാജി മുതല, സിജു, നിബിൻ, നിസാർ എന്നിവർ ഉൾപ്പെട്ട സംഘമായിരുന്നു.