മനാമ: ബഹ്‌റൈനിൽ നടക്കുന്ന രാജ്യാന്തര എയർഷോയിൽ പങ്കെടുക്കാൻ ഇന്ത്യയുടെ അഭിമാനമായ സാരംഗ് സംഘവും എത്തിയിട്ടുണ്ട്. ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ സാരംഗ് ടീം അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. ലുലു ഹൈപ്പർ മാർക്കറ്റിലാണ് ഇവന്റ് സംഘടിപ്പിച്ചത്. വിവിധ സ്‌കൂളുകളിലെ 40-ലധികം വിദ്യാർത്ഥികളും കമ്മ്യൂണിറ്റി നേതാക്കളുമാണ് ഇവന്റിൽ പങ്കെടുത്തത്. സാരംഗ് ഹെലികോപ്ടർ ടീം അംഗങ്ങളെ വിദ്യാർത്ഥികൾ അഭിവാദ്യം ചെയ്തു.
എയർ വൈസ് മാർഷൽ പി വി. ശിവാനന്ദാണ് എയർഫോഴ്സ് ടീമിനെ നയിച്ചത്. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ എയർ ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഡയറക്ടർ ജുസർ രൂപാവാല ചടങ്ങിൽ സാരംഗ് പൈലറ്റുമാരെ യഥാർത്ഥ ഹീറോകളെന്ന് വിശേഷിപ്പിച്ചു.
ലോകമെമ്പാടുമുള്ള എയർഷോകളിൽ ആകർഷകമായ പ്രകടനം കാഴ്ച വച്ച എയർ വാരിയേഴ്സ് ഡ്രിൽ ടീമാണിത്. ബംഗളൂരുവിലെ എയർക്രാഫ്റ്റ് ആൻഡ് സിസ്റ്റം ടെസ്റ്റിങ് എസ്റ്റാബ്ലിഷ്മെന്റിന്റെ (ASTE) ഭാഗമായി 2002 മാർച്ച് 18 ന് ഇന്ത്യയിൽ നിർമ്മിച്ച ഹെലികോപ്റ്ററുകളായ എച്ച് എ എൽ (HAL) ധ്രുവുകളിൽ ആണ് ഇന്ത്യൻ എയർഫോഴ്സ് എയറോബാറ്റിക് ടീം അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. സാരംഗ് ടീമിനെ അടുത്ത് കാണാനും അവരോട് സംസാരിക്കാനുമുള്ള അവസരമാണ് ചടങ്ങിൽ പങ്കെടുത്തവർക്ക് ലഭിച്ചത്.