മനാമ: കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ആഗോള ശ്രമങ്ങളോടൊപ്പം ബഹ്റൈനും. ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അബ്ദുള്ള അൽ ഖാലിഫയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായാണ് എയർഫീൽഡ് ഉപകരണങ്ങൾക്കായി ഡീസലിന് പകരം വെളിച്ചെണ്ണ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ സജീവ ചർച്ചയാക്കാൻ എയർഷോയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എയർ ഷോയിൽ ഉണ്ടായിരിക്കുന്നത് വെളിച്ചെണ്ണ ഉത്പാദക രാഷ്ട്രങ്ങൾക്ക് ശുഭപ്രതീക്ഷ നൽകുന്ന തീരുമാനമാണ്. വ്യോമയാന മേഖലയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഈ നടപടി സഹായകമാകും. 2060 ഓടെ നെറ്റ്- സീറോ എമിഷൻ നേടാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും മന്ത്രി വിശദമാക്കി.
എയർ ഷോയുടെ ഭാഗമായി വ്യവസായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നത് സംബന്ധിച്ചുള്ള നാല് പ്രത്യേക ഫോറങ്ങൾ നടന്നു. കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളും എയർ ഷോയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.