മനാമ: യുവാക്കൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും പിന്തുണ നൽകുന്ന ബഹ്‌റൈൻ മാതൃക പ്രശംസനീയമാണെന്ന് ലോക ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‌മെന്റ് ഫോറം ഗ്ലോബൽ വിമൻ ലീഡഴ്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് സ്വാതി മണ്ടേല. ലോക ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‌മെന്റ് ഫോറം സമ്മേളനത്തിലായിരുന്നു സ്വാതി മണ്ടേലയുടെ പരാമർശം. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ കൊച്ചുമകൾ കൂടിയാണ് സ്വാതി.
ബഹ്‌റൈനിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ ടെൻണ്ടറുകൾ കൂടുതലായി ലഭിക്കുന്നുവെന്നത് ഒരു സൂചകമാണ്. യുവസംരംഭകരെ പിന്തുണയ്ക്കുന്നതിനും ഊർജസ്വലമായ സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നാണ് വിലയിരുത്തൽ.
പര്‌സ്പരം പഠിക്കുന്നതിലൂടെ രാജ്യങ്ങൾ തമ്മിലുള്ള വിടവുകൾ നികത്താൻ കഴിയും. ദക്ഷിണാഫ്രിക്കയ്ക്ക് ബഹ്‌റൈന്റെ മാതൃകയിൽ നിന്നും വളരെയധികം പഠിക്കാനുണ്ടെന്നും സ്വാതി കൂട്ടിച്ചേർത്തു.