മനാമ: ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ചു പ്രതിഭ മനാമമേഖല ശാസ്ത്രക്ലബ് ശാസ്ത്രമേള സംഘടിപ്പിച്ചു. പ്രതിഭ സെൻ്ററിൽ വെച്ച് നടന്ന പരിപാടി മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ബോധത്തെയും ഇന്നത്തെ സാഹചര്യത്തിൽ അതിൻ്റെ പ്രാധാന്യത്തെയും കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.പ്രതിഭയുടെ നാല് മേഖലകളിൽ നിന്നും പങ്കെടുത്ത 25-ഓളം കുട്ടികളും മുതിർന്നവരും ചേർന്ന് വിവിധതരം പരീക്ഷണങ്ങളും മോഡലുകളും ശാസ്ത്ര കുതികികൾക്കായി പ്രദർശിപ്പിച്ചു. നിത്യ ജീവിതത്തിൽ കാണുന്നതും എന്നാൽ അത്ര തന്നെ ശ്രദ്ധകൊടുക്കാത്തതുമായ സാധാരണ കാര്യങ്ങളുടെ ശാസ്ത്ര രഹസ്യം കുട്ടികൾ അവതരിപ്പിച്ചപ്പോൾ അത് കാണികൾക്ക് നവ്യാനുഭവമായി.
പരിണാമം’ എന്ന വിഷയത്തിൽ ഡോ.ഹേന മുരളി സെമിനാർ അവതരിപിച്ചു. ഭൂമിയിലെ ജീവൻ്റെ ചരിത്രം വിശദമായി സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു. ശാസ്ത്ര വളർച്ചയുടെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന വീഡിയോ പ്രദര്ശനത്തോടെയാണ് ശാസ്ത്രമേള അവസാനിച്ചത്. മനാമമേഖല ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശാസ്ത്രമേള പ്രവാസലോകത്ത് ശാസ്ത്ര പ്രചാരകരായി പുതുതലമുറ വളർന്നുവരുന്നുവെന്ന് എന്ന് തെളിയിക്കുന്നതായിരുന്നു.