മനാമ: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ അംഗങ്ങൾക്കായി സ്പോർട്സ് ഡേ സംഘടിപ്പിക്കുന്നു. നവംബർ 29 ന് വെള്ളിയാഴ്ച്ച ബിലാദ് അൽ ഖദീമിലെ ഇത്തിഹാദ് ക്ലബ്ബിൽ വെച്ചാണ് സ്പോർട്സ് ഡേ സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം വരെ നീളും. കുട്ടികൾക്കും യുവതി -യുവാക്കൾക്കും മുതിർന്നവർക്കും പങ്കെടുക്കുവാൻ കഴിയുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രവാസികൾക്കിടയിൽ ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്നു എന്ന ബോധ്യത്തിലാണ് പാക്ട് സ്പോർട്സ് ഡേ എന്ന ആശയം രൂപീകരിച്ചു നടപ്പിൽ വരുത്തുന്നത്. കായിക വിനോദങ്ങളെയും വ്യായാമത്തെയും പ്രോത്സാഹിപ്പിക്കുക വഴി ഒരു പരിധി വരെ ജീവിത ശൈലി രോഗങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തിലാണ് കഴിഞ്ഞ പതിനെട്ട് വർഷമായി സ്പോർട്സ് ഡേ സംഘടിപ്പിച്ചു വരുന്നതെന്ന് പാക്ട് ഭാരവാഹികൾ പറഞ്ഞു. റെഡ് റാപ്പേഴ്സ്, ഗ്രീൻ ഗ്‌ളൈഡേഴ്‌സ്,യെല്ലോ യോർക്കേഴ്സ്, ബ്ലൂ ബിൽഡർസ് തുടങ്ങി നാല് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടക്കുന്നത്. പ്രസ്തുത മത്സരങ്ങളിലേക്ക് മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി പാക്ട് ഭാരവാഹികൾ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.