മനാമ: ടൂറിസ്റ്റ് വിസയിൽ എത്തുന്നവരെ കൂടി ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് നിർദ്ദേശം. നൽകി ബഹ്റൈനിലെ എംപിമാർ. സാമ്പത്തിക കാര്യസമിതി വൈസ് ചെയർമാൻ മുഹമ്മദ് മറാഫിയുടെ നേതൃത്വത്തിലുള്ള അഞ്ചു എംപിമാരാണ് ടൂറിസ്റ്റ് വിസയിൽ എത്തുന്നവരിൽ നിന്ന് ഇതിനുള്ള ഫീസിടാക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. നിർദേശം ചർച്ച ചെയ്യുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ സൈറാഫി വ്യക്തമാക്കി.
ഈ നിർദ്ദേശം നടപ്പിലാക്കിയാൽ വിനോദസഞ്ചാരികൾ അവരുടെ വിസ അപേക്ഷ പ്രക്രിയയുടെ ഭാഗമായി അധിക ഫീസ് നൽകേണ്ടിവരും. എന്നാൽ സന്ദർശകരായി എത്തുന്നവരുടെ ചികിത്സാ ചെലവുകളുടെ ഭാരം സർക്കാരിൽ നിന്ന് ഒഴിവാക്കാൻ ഇത് സഹായിക്കും എന്നാണ് എംപിമാർ പറയുന്നത്. പുതിയ നിർദ്ദേശത്തിലൂടെ സന്ദർശകർക്ക് അവരുടെ താമസ സ്ഥലത്ത് ആരോഗ്യ സേവനങ്ങൾ ലഭ്യമാകുകയും ചെയ്യും. ടൂറിസ്റ്റ് വിസയുടെ ഭാഗമായി ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത് സുരക്ഷിത വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ ബഹ്റൈന്റെ ആകർഷണം വർദ്ധിപ്പിക്കുമെന്ന് അൽ മറാഫി എംപി അഭിപ്രായപ്പെട്ടു.
അതേസമയം, തീരുമാനം നടപ്പിലാക്കുന്നത് കുറഞ്ഞ ബജറ്റിൽ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളെ ബാധിക്കും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ആരോഗ്യ ചെലവിന് ആനുപാതികമായ തുക മാത്രം ഫീസായി നിർദ്ദേശിച്ചാൽ മതിയെന്ന അഭിപ്രായം ചിലർ മുന്നോട്ടുവച്ചിട്ടുണ്ട്.