ദമ്മാം: സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴി ഈ വർഷം യാത്ര ചെയ്തത് റെക്കോർഡ് യാത്രക്കാർ. കോസ് വേ വഴി ഈ വർഷം ഇതുവരെ മൂന്ന് കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. കോസ് വേ അതോറിറ്റി സി.ഇ.ഒ യുസുഫ് അൽ അബ്ദാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഒരു കോടി മുപ്പത് ലക്ഷം വാഹനങ്ങളും പാലം വഴി കടന്നു പോയെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കോസ് വേയിലെ നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്തത് സഹായകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം അവസാനത്തിലും ഈ വർഷം തുടക്കത്തിലുമായാണ് കോസ് വേയിൽ കൂടുതൽ ഇ ഗെയിറ്റുകൾ പ്രവർത്തനക്ഷമമായത്. ഒരാൾക്ക് മൂന്ന് സെക്കന്റുകൾ കൊണ്ട് നടപടികൾ പൂർത്തിയാക്കി അതിർത്തി കടക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.