മനാമ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ഗർഭിണികൾക്ക് 70 ദിവസത്തെ ശമ്പളത്തോടുള്ള പ്രസവാവധി അനുവദിക്കണമെന്ന നിർദ്ദേശം ബഹ്റൈൻ പാർലമെന്റിൽ ഉന്നയിച്ച് വനിതാ എംപിമാർ. ഹനോൻ ഫർഹാനിയുടെ നേതൃത്വത്തിലുള്ള അഞ്ചു വനിത എംപിമാരാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. 2012ലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്നാണ് ഇവരുടെ നിർദ്ദേശം.
നിലവിൽ 60 ദിവസമാണ് ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി. ഇത് 10 ദിവസം കൂടി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. പുതിയ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. സർക്കാർ മേഖലയിൽ പ്രസവാവധി 60 ദിവസമാണ്. സൗദി അറേബ്യയും ഈജിപ്തും അടുത്തിടെ കൂടുതൽ സ്ത്രീകളെ സ്വകാര്യമേഖലയിലേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും സമാനമായ നടപടികൾ നടപ്പാക്കിയിട്ടുണ്ടെന്ന് എംപിമാർ അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയിലെ പ്രസവാനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ സ്വകാര്യ പൊതുമേഖലകൾ തമ്മിലുള്ള തൊഴിലവസരങ്ങളിൽ ലിംഗപരമായ അസമത്വം കുറയ്ക്കാൻ കഴിയുമെന്നും എംപിമാർ പ്രതീക്ഷിക്കുന്നു.