മനാമ: ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിൽ 1,926 പോയിന്റുമായി ആര്യഭട്ട ഹൗസ് ഈ വർഷത്തെ ഓവറോൾ ചാമ്പ്യന്മാരായി.1,869 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് റണ്ണേഴ്‌സ് അപ്പ് സ്ഥാനം കരസ്ഥമാക്കിയപ്പോൾ 1,775 പോയിന്റുമായി സി.വി രാമൻ ഹൗസ് മൂന്നാം സ്ഥാനം നേടി. 1,614 പോയിന്റുമായി ജെ.സി ബോസ് ഹൗസ് നാലാം സ്ഥാനത്തെത്തി. സി.വി രാമൻ ഹൗസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണ രാജീവൻ നായർ 73 പോയിന്റുകൾ നേടി കലാരത്‌ന അവാർഡ് കരസ്ഥമാക്കി. 2017 ലും 2022-ലും കൃഷ്ണ കലാരത്‌ന അവാർഡ് നേടിയിരുന്നു. 2023 ൽ പത്താം ക്ലാസ് പരീക്ഷയിൽ 98.2 ശതമാനം മാർക്കോടെ സ്‌കൂൾ ടോപ്പറായി കൃഷ്ണ പഠനത്തിലും മികവ് തെളിയിച്ചു. വിവിധ തലങ്ങളിലെ മികച്ച ഗ്രൂപ്പ് ചാമ്പ്യന്മാരെയും അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു. ആര്യഭട്ട ഹൗസിലെ അരുൺ സുരേഷ് 58 പോയിന്റുമായി ലെവൽ എയിൽ ഒന്നാമതെത്തിയപ്പോൾ വിക്രം സാരാഭായ് ഹൗസിലെ ശ്രേയ മുരളീധരൻ 68 പോയിന്റുമായി ലെവൽ ബിയിൽ ഒന്നാം സ്ഥാനം നേടി. ആര്യഭട്ട ഹൗസിലെ അരൈന മൊഹന്തി 51 പോയിന്റുമായി ലെവൽ സി വിജയിയായപ്പോൾ വിക്രം സാരാഭായ് ഹൗസിലെ ബ്ലെസ്വിൻ ബ്രാവിൻ 39 പോയിന്റുമായി ലെവൽ ഡിയിൽ ജേതാവായി. ഓരോ ഹൗസിലെയും മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ഹൗസ് സ്റ്റാർ അവാർഡുകൾ സമ്മാനിച്ചു. 39 പോയിന്റുമായി ആദ്യജ സന്തോഷ് (ആര്യഭട്ട ഹൗസ്), 63 പോയിന്റുമായി നക്ഷത്ര രാജ് (വിക്രം സാരാഭായ് ഹൗസ്), 44 പോയിന്റുമായി പ്രിയംവദ എൻ ഷാജു (സിവി രാമൻ ഹൗസ്), 41 പോയിന്റുമായി നിർമ്മൽ കുഴിക്കാട്ട് (ജെ.സി ബോസ് ഹൗസ്) എന്നിവരാണ് ഹൗസ് സ്റ്റാർ അവാർഡ് നേടിയത്. സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ് ചടങ്ങിന് ദീപം തെളിയിച്ചു. തദവസരത്തിൽ സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും അവർ സമ്മാനിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. നാടോടി നൃത്തം, അറബിക് നൃത്തം, പാശ്ചാത്യ നൃത്തം എന്നിവയുൾപ്പെടെ സമ്മാനാർഹമായ നൃത്തപരിപാടികൾ അരങ്ങേറി. നേരത്തെ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ പ്രാർത്ഥന എന്നിവ നടന്നു. ഗൾഫിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവലുകളിൽ ഒന്നായ ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ 121 ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ വിജയികൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.