സെലിബ്രെറ്റ് ബഹ്‌റൈൻ – റയ്യാൻ വിദ്യാർത്ഥികൾ ആഘോഷമാക്കി
മനാമ: അന്നം നൽകുന്ന നാട്ടിന്റെ ആഘോഷങ്ങൾ നെഞ്ചിലേറ്റിക്കൊണ്ട് റയ്യാൻ വിദ്യാർത്ഥികൾ ബഹ്‌റൈനിന്റെ 53 ആമത് ദേശീയ ദിനാഘോഷങ്ങളിൽ ഭാഗഭാക്കായി.
സെലിബ്രെറ്റ് ബഹ്‌റൈൻ എന്ന ശീർഷകത്തിൽ നാടുമുഴുക്കെ ആഘോഷത്തിൽ മുഴുകുമ്പോൾ വളരെ ആഹ്‌ളാദത്തോടെ ബഹ്‌റൈൻ ദേശീയ പതാകയുമേന്തി ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങളുമണിഞ്ഞു റയ്യാൻ മദ്രസാ ഹാളിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾ ചേർന്ന് വർണാഭമായ പരേഡും ബഹ്‌റൈൻ ദേശീയ ഗാനാലാപം തുടങ്ങിയ വിവിധ പരിപാടികളും നടത്തി.
പങ്കെടുത്തവർക്കെല്ലാം മധുര പലഹാരം വിതരണവും നടത്തി.
റയ്യാൻ അധ്യാപകരും മറ്റു ഓഫീസ് ജീവനക്കാരും പരിപാടികളിൽ സന്നിഹിതരായിരുന്നു.
സ്വദേശിയെന്നോ വിദേശിയെന്നോ ഉള്ള വേർതിരിവില്ലാതെ സമാധാനപരമായി ജോലി ചെയ്ത് ജീവിക്കാൻ സൗകര്യമൊരുക്കിത്തരുന്ന ബഹ്‌റൈനിലെ ഭരണാധികാരികളെ എത്ര ശ്‌ളാഘിച്ചാലും മതിയാവില്ലെന്നും, രാജ്യത്തിന്റെ നിയമ വ്യവസ്ഥകളനുസരിച്ച് എല്ലാവരും വരും കാലങ്ങളിൽ മുന്നേറണമെന്നും ഉന്നത വിദ്യാഭ്യാസം നേടി എല്ലാ വിദ്യാർത്ഥികളും നാടിനും കുടുംബത്തിനും നന്മ ചെയ്യുന്നവരാകണമെന്നും പ്രിൻസിപ്പൽ ലത്തീഫ് ചാലിയം തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
റയ്യാൻ സെന്റർ ചെയർമാൻ അബ്ദുൽ റസാഖ് വി.പി മുഖ്യാതിഥി ആയിരുന്നു. ഫക്രുദ്ദീൻ അലി അഹ്മദ്, സലീം പാടൂർ, ഓ.വി. ഷംസീർ, സമീർ ഫാറൂഖി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.