ഇന്ത്യൻ സ്‌കൂൾ വാർഷിക ഫെയറിന് വൻ ഒരുക്കങ്ങൾ: ഗായകരായ വിനീത് ശ്രീനിവാസനും ട്വിങ്കിൾ ദിപൻകറും എത്തും

IMG-20241215-WA0004

മനാമ: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം, സ്റ്റാർ വിഷൻ ഇവന്റ്സും പവേർഡ് ബൈ ലുലുവും അവതരിപ്പിക്കുന്ന ഇന്ത്യൻ സ്‌കൂൾ വാർഷിക സാംസ്കാരിക മേളയുടെ ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നു. ഡിസംബർ 19, 20 തീയതികളിൽ ഇസ ടൗണിലെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേള വിജയിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സ്‌കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ഇന്ത്യയിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ ആസ്വദിക്കാനും അവസരം നൽകുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.

മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീത പരിപാടി നടക്കും. രണ്ടാം ദിവസം ഗായിക ട്വിങ്കിൾ ദിപൻ കർ നയിക്കുന്ന ഉത്തരേന്ത്യൻ സംഗീത പരിപാടികൾ അരങ്ങേറും. രണ്ട് ദിവസവും വൈകുന്നേരം 6:00 മുതൽ രാത്രി 11:00 വരെ പരിപാടി നടക്കും. മേളയുടെ വിജയം ഉറപ്പാക്കാൻ വിപുലമായ ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 501 അംഗ കമ്മിറ്റിയിൽ രക്ഷിതാക്കൾ , അധ്യാപകർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ഉൾപ്പെടുന്നു . ജനറൽ കൺവീനർ വിപിൻ കുമാറാണ് സംഘാടക സമിതിയുടെ നേതൃത്വം വഹിക്കുന്നത് . സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സംഘടനകളുടെ പ്രതിനിധികളും സംഘാടക സമിതിയിൽ ഉൾപ്പെടുന്നു. ജനറൽ കൺവീനറുടെ നേതൃത്വത്തിൽ, കൺവീനർമാർ, കോർഡിനേറ്റർമാർ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ഉപസമിതികൾ രൂപീകരിച്ചുകഴിഞ്ഞു. ഔട്ട്ഡോർ കാറ്ററിംഗ് ലൈസൻസുള്ള ഭക്ഷണ സ്റ്റാളുകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ സ്കൂൾ മേളയിൽ ഒരുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11,900-ലധികം വിദ്യാർത്ഥികൾ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു. വിദ്യാർത്ഥികളെയും ജീവനക്കാരെയും പിന്തുണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് സ്കൂൾ മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയിലെ സ്റ്റാൾ ബുക്കിംഗിന് സ്കൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. മേളയുടെ ഭാഗമായി, വിദ്യാർത്ഥികളുടെ കലാ പ്രദർശനം സന്ദർശകർക്ക് ഒരു പുതിയ അനുഭവം നൽകും.
ഇന്ത്യൻ സ്കൂളിന് സമീപമുള്ള നാഷണൽ സ്റ്റേഡിയത്തിൽ പാർക്കിംഗ് സൗകര്യം ലഭ്യമാകും. മേള നടക്കുന്ന ദിവസങ്ങളിൽ സ്കൂൾ കാമ്പസിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവീസ് ലഭ്യമാകും. ജഷൻമാൽ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും ഗെയിം സ്റ്റാളുകളും ഉണ്ടായിരിക്കും. മേളയും അതിന്റെ പരിസരവും സിസിടിവി നിരീക്ഷണത്തിലും സുരക്ഷാ പരിരക്ഷയിലും ആയിരിക്കും. രണ്ട് ഗ്രൗണ്ടുകളിലും സന്ദർശകർക്ക് പരിപാടി കാണാൻ വലിയ എൽഇഡി ഡിസ്പ്ലേകൾ ഉണ്ടായിരിക്കും.
രണ്ടു ദിനാർ പ്രവേശന ഫീസ് ഉള്ള വാർഷിക മേളയിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങൾ ഉൾപ്പെടും. നമ്മുടെ കമ്മ്യൂണിറ്റി സ്കൂളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ മഹത്തായ ലക്ഷ്യത്തിനായി ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജനറൽ കൺവീനർ വിപിൻ കുമാർ, സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാനും സിഇഒയുമായ സേതുരാജ് കടയ്ക്കൽ,വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ(പ്രോജക്ട്സ് & മെയിന്റനൻസ് ), മുഹമ്മദ് നയാസ് ഉല്ല(ട്രാൻസ്‌പോർട്ട്), ബിജു ജോർജ്, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മേള സംഘാടക സമിതി പ്രതിനിധികളായ സന്തോഷ് ബാബു, ഷാഫി പാറക്കട്ട, അബ്ദുൾ ഹക്കിം, ദേവദാസ് സി, ഫൈസൽ മടപ്പള്ളി, അഷ്‌റഫ് കാട്ടിൽപീടിക, സന്തോഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!