മനാമ: 53-)മത്തെ ദേശീയ ദിനാഘോഷത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ബഹ്‌റൈൻ. അലങ്കാര ദീപങ്ങളാലും കൊടി തോരണങ്ങളാലും രാജ്യത്തെ നഗരങ്ങളും തെരുവുകളും അലങ്കരിച്ചിട്ടുണ്ട്. ബഹ്റൈന്റെ ദേശീയ പതാകയെ പ്രതിനിധാനം ചെയ്യുന്ന വെള്ളയും ചുവപ്പും കലർന്ന വർണ്ണങ്ങളിലുള്ള കൊടി തോരണങ്ങളും അലങ്കാര വിളക്കുകളും ആണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാൻ കഴിയുന്നത്.
രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന സെലിബ്രേറ്റ് ബഹ്റൈൻ, മുഹറഖ് നൈറ്റ്സ് തുടങ്ങിയ പരിപാടികളും നടന്നു വരികയാണ്.
വിദേശികളും സ്വദേശികളും ഉൾപ്പെടെ നിരവധി പേർ ആഘോഷ പ്രകടനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ബഹ്റൈന്റെ ദേശീയ ദിനാഘോഷങ്ങളിൽ പ്രവാസി സമൂഹവും പങ്കുചേരുന്നുണ്ട്. ബഹ്റൈൻ രാജാവ് അഹമ്മദ് ബിൻ ഈസ അൽ ഖലീഫയുടെ സിംഹാസനാരോഹണ രജത ജൂബിലി വേള കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ട്. അഹമ്മദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്റ് സൽമാൻ ബിൻ അഹമ്മദ് ഖലീഫയുടെയും ചിത്രങ്ങളും പതാകകളും കൊണ്ട് പാതയോരങ്ങൾ അലങ്കരിച്ചിരിക്കുകയാണ്. അതേസമയം ദേശീയ ദിനാചരണത്തോടെ അനുബന്ധിച്ച ഡിസംബർ 16നും 17 നും ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.