മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി ഷിഫ അൽ ജസീറ ഹോസ്പിറ്റൽ സംഘടിപ്പിച്ച പ്രത്യേക ഹെൽത്ത് പാക്കേജിന് മികച്ച പ്രതികരണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ആയിരത്തോളം പേർ പാക്കേജ് പ്രയോജനപ്പെടുത്തി. 53-ാമത് ദേശീയ ദിനത്തിന് ആദരമായി 53 ലാബ് ടെസ്റ്റുകൾ 5.3 ദിനാറിനായിരുന്നു പാക്കേജിൽ നൽകിയത്. താരതമ്യേനെ ചെലവേറിയ ഈ ടെസ്റ്റുകൾ നിലവിലുള്ള നിരക്കിനേക്കാൾ 90 ശതമാനത്തിലേറെ കുറവിലാണ് ഇവ ജനങ്ങൾക്ക് ലഭ്യമാക്കിയത്. പാക്കേജ് ഉപയോഗപ്പെടുത്തിയവർക്ക് സൗജന്യമായി ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാക്കി. രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെയായിരുന്നു പാക്കേജ് സമയം.
ചൊവ്വാഴ്ച ബംഗ്ലാദേശ് വിക്ടറി ഡേ പ്രമാണിച്ച് ബംഗ്ലാദേശ് സ്വദേശികൾക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനും നൽകി. അഭൂതപൂർവ്വമായ തിരക്കാണ് ഇതിന് അനുഭവപ്പെട്ടത്. 400 ഓളം പേർ ഇത് പ്രയോജനപ്പെടുത്തി.
ദേശീയ ദിനം പ്രമാണിച്ച് ഷിഫ അൽ ജസീറ ഹോസ്പിറ്റൽ കെട്ടിടവും മെഡിക്കൽ സെന്ററും ദീപാലംകൃതമാണ്. ദേശീയ ദിനം ഡോക്ടർമാരും ജീവനക്കാരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.