മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തന്റെ മുടിയുടെ ഭാഗം ദാനം നൽകി നക്ഷത്ര സുധീഷ് മാതൃകയായി. മലപ്പുറം ഓതല്ലൂർ സ്വദേശി സുധീഷിന്റെയും സുബിതയുടെയും മകളായ നക്ഷത്ര ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യർത്ഥിനിയാണ്.
ബഹ്‌റൈൻ കാൻസർ സൊസൈറ്റി ട്രെഷറർ യുസഫ് ഫക്രൂ, സെക്രട്ടറി ഫാത്തിമ അൽ ഖാൻ എന്നിവർക്ക് മാതാപിതാക്കളോടൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ വെച്ച് മുടി കൈമാറി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് മായി മാതാപിതാക്കൾ ബന്ധപ്പെട്ടാണ് മകൾക്ക് ഇത്തരത്തിൽ മുടി നൽകാനുള്ള താൽപ്പര്യം ഉണ്ടെന്ന് അറിയിച്ചത്.
ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലീമിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.