ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ഇറ്റലി കോർഡിനേറ്ററായി പ്രൊഫ. ജോസ് വി. ഫിലിപ്പ് നിയമിതനായി. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷത്തിലധികമായി ഇറ്റലിയിൽ താമസിക്കുന്ന പ്രൊഫ. ജോസ് വി. ഫിലിപ്പ്, അക്കാഡമിക് രംഗത്തും മാധ്യമ രംഗത്തും സുപരിചിതനാണ്. സപെനിസ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലിചെയ്യുന്ന പ്രൊഫ. ജോസ് വി. ഫിലിപ്പ്, ഇന്ത്യഎക്‌സ്ക്ലൂസിവ് എന്ന മാധ്യമ സ്ഥാപന ഉടമയുമാണ്. വത്തിക്കാൻ ന്യൂസ് അക്ക്രഡിറ്റഡ് മാധ്യമ പ്രവർത്തകൻ കൂടെയാണ് പ്രൊഫ. ജോസ്.
സാമൂഹീകപ്രവർത്തന രംഗത്ത് സുപരിചിതനായ പ്രൊഫ. ജോസ് വി. ഫിലിപ്പിൻറെ സഹകരണത്തോടെ യൂറോപ്പിലാകമാനമുള്ള പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ പ്രവാസികൾക്കു സഹായകരമാവുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിൻറെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിൻറെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാരിനുള്ള നിർദേശവും ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി നൽകിയിട്ടുണ്ട്.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്ക് ലീഗൽ സെൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത്, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ അബുദാബി ചാപ്റ്റർ അധ്യക്ഷൻ ജയപാൽ ചന്ദ്രസേനൻ, ഷാർജ-അജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറാബി വലിയകത്ത്, യൂകെ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.