മനാമ: റോഡിലെ എമർജൻസി പാതകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ എംപിമാർ. നിയമലംഘകർക്ക് ആറു മാസത്തിൽ കുറയാത്ത തടവോ 2,000 ത്തിനും 6,000 ത്തിനും ഇടയിൽ പിഴയോ രണ്ടും കൂടിയോ വേണമെന്ന് എംപിമാർ ആവശ്യപ്പെടുന്നു.
ഈ രീതിയിൽ 2014 ലെ ട്രാഫിക് നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് അബ്ദുള്ള അൽ റോമൈഹിയുടെ നേതൃത്വത്തിലുള്ള അഞ്ചു എംപിമാർ സമർപ്പിച്ചിരിക്കുന്നത്. നിയമഭേദഗതി നടപ്പാക്കിയാൽ റോഡ് സുരക്ഷ മെച്ചപ്പെടുമെന്നാണ് എംപിമാർ അഭിപ്രായപ്പെടുന്നത്.
രാജ്യത്തുടനീളം സുഗമമായ ഗതാഗതം ഉറപ്പുവരുത്താനും ഇതിലൂടെ കഴിയും. അടിയന്തരഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണ് എമർജൻസി ലൈനുകൾ എന്ന ബോധ്യം ജനങ്ങൾക്കിടയിൽ ഉണ്ടാകാൻ ഈ ശിക്ഷ നടപടികൾ സഹായിക്കുമെന്നും എംപിമാർ വിലയിരുത്തുന്നു. കഴിഞ്ഞവർഷം ഒക്ടോബർ മാസം പാർലമെന്റിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. എന്നാൽ അന്ന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഈ നിർദ്ദേശം നിരസിക്കുകയായിരുന്നു. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ആളുകളെ നിർബന്ധിക്കാൻ നിലവിലെ ശിക്ഷകൾ പര്യാപ്തമാണെന്നായിരുന്നു അന്ന് സമിതി അഭിപ്രായപ്പെട്ടത്. റോഡിൽ എമർജൻസി പാതകൾ രേഖപ്പെടുത്തിയിരിക്കുന്നത് ആംബുലൻസുകൾ, പോലീസ്, അഗ്‌നിശമന സേവനങ്ങൾ എന്നിവയ്ക്ക് വേഗത്തിൽ എത്താനും നിർണായക സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനും വേണ്ടിയാണ്.