മനാമ: സംഗീത സാന്ദ്രവും നൃത്ത സമ്പുഷ്ടവുമായ പരിപാടികളുമായി ഷിഫ അൽ ജസീറ ആശുപത്രി ക്രിസ്‌സ്-ന്യൂഇയർ ആഘോഷിച്ചു. മാസ് കരോൾ മത്സരം, നൃത്തങ്ങൾ, വിവിധ പാട്ടുകൾ, മിമിക്രി, വിവിധ ഗെയിംസുകൾ എന്നിവ ആഘോഷത്തിന് മിഴിവേകി.
ഐപി-ഒടി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ റേയ്ച്ചൽ സ്വാഗതം പറഞ്ഞു. സീനിയർ ഫാർമസിസ്റ്റ് സിൽവ പുയോ ബിംഗോ പുതുവത്സര സന്ദേശം നൽകി.
ഉദ്ഘാടന ചടങ്ങിൽ ഷിഫ അൽ ജസീറ ആശുപത്രി ഡയരക്ടർ ഷബീർ അലി പികെ, കൺസൾട്ടന്റ് ഗാസ്‌ട്രോഎൻടറോളജിസ്റ്റ് ഡോ. ഹിഷാം ജലാൽ, മുതിർന്ന ഡോക്ടർമാരായ ഡോ. സുബ്രമണ്യൻ, ഡോ. ചന്ദ്രശേഖരൻ, ഡോ. കുമാര സ്വാമി, ഡോ. ഫിറോസ് ഖാൻ, ഡോ. അലീമ, മറ്റു ഡോക്ടർമാർ, അഡ്മിനിസ്‌ട്രേഷൻ മാനേജർമാർ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായി.
സാന്റയുടെ പ്രവേശനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. സാന്റയോടൊപ്പം സിനിമാറ്റിക് ഡാൻസുമായി ദീപയും പാട്ടുമായി സമദും വേദിയിലെത്തി. ബിനു പൊന്നച്ചൻ, ഗണേഷൻ എന്നിവർ സാന്റയായി വേഷമിട്ടു.
കുട്ടികളായ ദൻവന്ത്, ഭ്രിതികശ്രീ എന്നിവരുടെ ഡാൻസ്, അസ്‌വ ഫാത്തിമയുടെ ഗാനം, ഫാർമസി ടീം, റിസപ്ഷൻ-നഴ്‌സിംഗ് ടീം എന്നിവരുടെ ന്യത്തങ്ങൾ എന്നിവ സദസിന്റെ കണ്ണും മനവും കവർന്നു. ഷിബിലി അവതരിപ്പിച്ച പരമ്പരാഗത അറബിക് സ്റ്റിക് ഡാൻസ് നവ്യാനുഭമായി. സിൽവ പുയോ ബിംഗോ അവതരിപ്പിച്ച മിമിക്രി സദസിനെ ചിരിയിൽ മുക്കി.
ഇന്റേണൽ മെഡിസിൻ സ്‌പെഷലിസ്റ്റുമാരായ ഡോ. ഡേവിസ്, ഡോ. നജീബ് അബൂബക്കർ, അസ്ഥിരോഗ വിദഗ്ധൻ ഡോ. ടാറ്റാ റാവു എന്നിവർ ഹിറ്റ് ഗാനങ്ങളുമായെത്തി കാണികൾക്ക് ഹരം പകർന്നു. ജലീൽ, ഷാനി ടീം സംഘഗാനം ആലപിച്ചു. മജീദ് അവതരിപ്പിച്ച മാജിക് ഷോ സദസ്സിന് വിസ്മയമായി.
മനോഹരമായ കരോൾ ഗാനങ്ങൾ വേദിയിലെത്തിയ മാസ് കരോൾ മത്സരത്തിൽ നഴ്‌സിംഗ് ടീം ഒന്നാം സ്ഥാനവും ഫാർമസി ടീം രണ്ടാം സ്ഥാനവും നേടി. ഈറ്റ് ദി ബിസ്‌ക്കറ്റ് ചാലഞ്ചിൽ ശാലു ഒന്നാം സ്ഥാനവും നീതു രണ്ടാം സ്ഥാനവും നേടി. ഡംബ്ഷറാഡ്‌സ് മത്സരത്തിൽ യാസിൻ-ഫൈസൽ ടീം ഒന്നാം സ്ഥാനവും നീതു-സൗമ്യ ടീം രണ്ടാം സ്ഥാനവും നേടി. സമാപനമായി നടന്ന റാഫിൾ ഡ്രോയിൽ ഷാജി, ജെനി, ഡോ. ബെറ്റി എന്നിവർ യാഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ നേടി.
വിവിധ മത്സര വിജയികൾക്ക് ഡയരക്ടർ ഷബീർ അലി, ഡോ. പ്രോമനന്ദ്, ഡോ. അശ്വിജ്, ഡോ. സുൽത്താന, ഡോ. ഷഹീർ, ഡോ. സാദിയ, ഡോ. ബിൻസി, മാനേജർമാരായ സക്കീർ ഹുസൈൻ, ഷീല അനിൽ, കെഎം ഫൈസൽ, ഷാഹിർ എംവി, ഷഹ്ഫാദ്, അനസ്, ഷാജി മൻസൂർ, ഇൻഷുറൻസ് കോഡിനേറ്റർ സാദിഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഷിഫ അൽ ജസീറ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജർ സുൽഫീക്കർ അലി, ക്വാളിറ്റി മാനേജർ ആൻസി അച്ചൻകുഞ്ഞ് എന്നിവർ അവതാരകരായി. ഫാർമസി മാനേജർ നൗഫൽ ടിസി, ഷേർലിഷ് ലാൽ, അനസ്, നസീർ പാണക്കാട്, അമൽ ബേബി, സിസ്റ്റർ മായ തുടങ്ങിയവർ നേതൃതം നൽകി.