മനാമ: ബഹ്റൈനിൽ തണുപ്പ് വർദ്ധിക്കുന്നു. രാവിലെ പലയിടങ്ങളിലും മഞ്ഞുമൂടിയ അവസ്ഥയിലാണ്. രാവിലെ റോഡുകളിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധർ നൽകുന്ന നിർദ്ദേശം.
തണുത്ത കാറ്റ് പകൽസമയങ്ങളിലും വീശിയടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പല പ്രദേശങ്ങളിലും ചാറ്റൽ മഴ പെയ്തതോടെ തണുപ്പ് വർദ്ധിക്കുന്ന അവസ്ഥയിലാണ്. ശൈത്യം രൂക്ഷമായതോടെ കമ്പിളി വസ്ത്ര വിപണി സജീവമായിട്ടുണ്ട്. മനാമ സൂഖുകളിലും മറ്റു പ്രാദേശിക വ്യാപാര സ്ഥാപനങ്ങളിലും കമ്പിളി പുതപ്പും തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും വലിയ ഓഫറുകളോടെ വിൽപന നടക്കുന്നുണ്ട്.
വാരാന്ത്യങ്ങളിൽ മരുഭൂമിയിലെ ക്യാംപിങ് കൂടാരങ്ങളിലേക്ക് ആളുകളുടെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും തണുപ്പ് തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.