മനാമ: ബഹ്റൈനിലെ മലയാളികളായ വൈദികരുടെ കൂട്ടായ്മ രൂപവത്കരിച്ചു. സെഗയയിലെ സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ കൂടിയ സംഗമത്തിൽ വിവിധ ക്രൈസ്തവസഭകളുടെ ബഹ്റൈനിലെ പള്ളികളിലെ മലയാളി വൈദികരാണ് ഒന്നിച്ചുകൂടിയത്.
മലങ്കര യാക്കോബായ, ഓർത്തോഡോക്സ്, കത്തോലിക്ക, സി.എസ്.ഐ മലയാളി പാരിഷ്, സി.എസ്.ഐ സൗത്ത് കേരള, മാർത്തോമാ, ക്നാനായ തുടങ്ങിയ സഭകളിലെ മലയാളി വൈദികർ ഒന്നുചേർന്നപ്പോൾ വേറിട്ട ഒരനുഭവമായി. ഈ രാജ്യത്തിനുവേണ്ടിയും, ഭരണാധികാരികൾക്കുവേണ്ടിയും പ്രത്യേകപ്രാർഥനയും നടന്നു. റവ.ഫാ. ജേക്കബ് തോമസ് അധ്യക്ഷതവഹിച്ച യോഗത്തിൽ ഫാ. മാത്യു ചാക്കോ സ്വാഗതം പറഞ്ഞു. സേക്രട്ട്ഹാർട്ട് പാരിഷ് പ്രീസ്റ്റ് ഫാ. ഫ്രാൻസിസ് ജോസഫ് ധ്യാനപ്രസംഗം നടത്തി.
സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് പള്ളിയിൽനിന്നും ട്രാൻസ്ഫറായി പോകുന്ന ഫാ. ജോൺസ് ജോൺസന് യാത്രയയപ്പും വന്ദ്യ സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയ്ക്ക് സ്വീകരണവും നൽകി. ഫാ. ജേക്കബ് കല്ലുവിള, ഫാ. ബിജു ജോൺ, ഫാ. തോമസ് കുട്ടി, ഫാ. മാത്യൂ ഡേവിഡ്, ഫാ. അനൂപ് സാം. തുടങ്ങിയവർ സംസാരിച്ചു. ഫാ. ബിബിൻസ് മാത്യു നന്ദി പറഞ്ഞു.