മനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് നിയമ വിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ഷാഫി പറമ്പിൽ എം.പിക്ക് പലിശ വിരുദ്ധ സമിതി നിവേദനം നൽകി. സാധാരണക്കാരായ പ്രവാസികൾ സ്വരുക്കൂട്ടി വെച്ച തങ്ങളുടെ സമ്പാദ്യം മുഴുവനായും ഈ ചൂഷകർ കൈക്കലാക്കുകയാണ്. പല പ്രവാസികളും തങ്ങളുടെ ജീവിത സാഹചര്യങ്ങൾ മൂലമാണ് പലിശക്ക് പണം കടം വാങ്ങുന്നത്. ഇവരെ ഭീഷണിപ്പെടുത്തി ജീവിതകാലം മുഴുവൻ തങ്ങളുടെ വരുതിയിൽ നിർത്താനുള്ള എല്ലാ മുൻകരുതലും എടുത്ത ശേഷമാണ് പലിശക്കാർ ഇരകൾക്ക് പണം നൽകുക. ഇരകളുടെ ജീവനും ജീവിതവും സമ്പാദ്യവും മുഴുവനായും തീറെഴുതി കൊടുത്താലും തീരാത്ത കടക്കെണിയിൽ ഈ ഹതഭാഗ്യരായ പ്രവാസികളെ കുരുക്കി ഇടുന്ന ഇവർക്കെതിരെ സാധ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയുടെ ആനുകൂല്യം കിട്ടാൻ ഇരകളുടെ കയ്യിൽ നിന്നും ഒപ്പിട്ട ബഹ്റൈനിൻറെ ബ്ലാങ്ക് മുദ്രപത്രവും ബ്ലാങ്ക് ചെക്ക് ബുക്കും പാസ്പോർട്ടും കൈക്കലാക്കിയാണ് പലിശക്കാർ പണം കൊടുക്കുക. ഇരകളുടെ നിസ്സഹായവസ്ഥ മുതലാക്കി ഈ രേഖകൾക്ക് പുറമെ നാട്ടിലുള്ള റവന്യു സ്റ്റാമ്പ് ഒട്ടിച്ച ബ്ലാങ്ക് പേപ്പറും, ഒപ്പിട്ട ബ്ലാങ്ക് എൻ ആർ ഐ ചെക്കും വാങ്ങി വെക്കുകയും ചെയ്യും. പലിശയും കൂട്ടു പലിശയും പിഴപ്പലിശയും ചേർത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങൾ പലിശ വിരുദ്ധ സമിതിയും പലിശക്കെടുതിക്ക് ഇരയായവരും വിശദീകരണ സഹിതം എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഷാഫി പറമ്പിൽ എം.പി നാട്ടിൽ ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണങ്ങളും സഹായാവശ്യങ്ങളും നൽകാമെന്ന് പലിശ വിരുദ്ധ സമിതിക്ക് ഉറപ്പ് നൽകി.
പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിനോടൊപ്പം സെക്രട്ടറി ദീജീഷ് ദാമോദരൻ, കൺവീനർ യോഗാനന്ദ് കഷ്മക്കണ്ടി, വൈസ് ചെയർന്മാരായ നാസർ മഞ്ചേരി, അഷ്‌കർ പൂഴിത്തല, മീഡിയാ സെക്രട്ടറി ബദറുദ്ദീൻ പൂവാർ, ഉപദേശക സമിതി അംഗം ബിനു കുന്നന്താനം, നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയലക്കാട് എന്നിവരുംസന്നിഹിതരായിരുന്നു.