മനാമ: രാജ്യത്തെ തൊഴിലിടങ്ങളിലെ നിയമ, സുരക്ഷ ലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം. 2014 ൽ മന്ത്രാലയം തൊഴിലിടങ്ങളിൽ 1091 പരിശോധനകളാണ് നടത്തിയത്.
582 നിയമലംഘനങ്ങളാണ് ഈ പരിശോധനയിൽ കണ്ടെത്തിയത്. ഈ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രാലയം സംഘടിപ്പിച്ച വർക്ക് ഷോപ്പിലാണ് തൊഴിലുടമകൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുരക്ഷാ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടിയാണ് പരിശോധനകൾ സംഘടിപ്പിക്കുന്നത്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും സൈറ്റ് സൂപ്പർവൈസർമാരുമായാണ് തൊഴിൽ മന്ത്രാലയം വർക്ക്‌ഷോപ്പ് നടത്തിയത്. തൊഴിലാളികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം ബിസിനസ്സുകാർ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് നിർമ്മാണ സ്ഥാപനങ്ങളിലാണ്. വ്യവസായശാലകൾ, പാർപ്പിടങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലെല്ലാം പരിശോധന നടന്നു. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.