മനാമ: സേവനങ്ങൾ സുഗമമാക്കാൻ മൈ ഗവ് ആപ്ലിക്കേഷനുമായി ചേർന്ന് ബഹ്റൈനിലെ വൈദ്യുതി, ജല അതോറിറ്റി. ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുക, സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമായാണ് ഏകീകൃത മൈ ഗവ് ആപ്ലിക്കേഷനിൽ വൈദ്യുതി, ജല അതോറിറ്റി സംയോജിച്ചത്. ഇനി മുതൽ മൈ ഗവ് ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾ അക്സൈസ് ചെയ്യാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
ബില്ല് അന്വേഷണങ്ങളും പെയ്മെന്റുകളും വൈദ്യുതി, ജലസേവനങ്ങൾക്കുള്ള സുരക്ഷാ നിക്ഷേപം, കണക്ഷൻ ഫീസ് പെയ്മെന്റുകൾ, മുൻ ബില്ലുകളും പെയ്മെന്റുകളും ലഭ്യമാക്കൽ തുടങ്ങിയ സൗകര്യങ്ങളെല്ലാം ആപ്പിൽ ലഭിക്കും. സുഗമവും സുരക്ഷിതവുമായ ഡിജിറ്റൽ അനുഭവമുറപ്പാക്കുന്ന ഇ-കീ 2.0 സിസ്റ്റവുമായി ആപ്പ് സംയോജിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.