മനാമ: ബഹ്റൈനിലെ ജുവനൈല്‍ നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ നിയമനിര്‍മ്മാണം എംപിമാര്‍ പാര്‍ലമെന്റില്‍ ഏകകണ്ഠമായി അംഗീകരിച്ചു. 2021 ലെ ജുവനൈല്‍സ് ജസ്റ്റിസ് ആന്‍ഡ് പ്രൊട്ടക്ഷന്‍ നിയമത്തിലെ ഭേദഗതികള്‍ തുടര്‍നടപടികള്‍ക്കായി ശൂറ കൗണ്‍സിലില്‍ സമര്‍പ്പിച്ചു.
കുട്ടികള്‍ക്കായുള്ള വിധി നിര്‍ണയങ്ങള്‍ തയ്യാറാക്കുന്നതില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ (സിപിസി) സജീവമായി പങ്കെടുക്കണമെന്ന് കരട് നിയമം അനുശാസിക്കുന്നു. വിധി നിര്‍ണയം സമഗ്രവും ഓരോ കുട്ടിയുടെയും സാഹചര്യങ്ങള്‍ക്കനുസൃതവുമാണെന്ന് ഉറപ്പാക്കണം.
ശിക്ഷാവിധിയുടെ ഭാഗമായി ജഡ്ജിമാര്‍ക്ക് ചില വെബ്സൈറ്റുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കുട്ടികള്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ പറ്റും. യുവ കുറ്റവാളികളെ നിരീക്ഷിക്കുന്നതില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ചെയ്യും.