മനാമ: മാര്‍ച്ച് 13 മുതല്‍ മാലിന്യ ഗതാഗത ലൈസന്‍സിംഗ് നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ദി എന്‍വയോണ്‍മെന്റ് (എസ്സിഇ) അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യ, പാരിസ്ഥിതിക, സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നിയന്ത്രണം. സംയോജിത മാലിന്യ സംസ്‌കരണം കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പുകൂടിയാണിത്.
പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം എടുത്തുകാണിച്ച് നിര്‍ദ്ദിഷ്ട നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സുപ്രീം കമ്മിറ്റി എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
എല്ലാ കമ്പനികളും http://envservices.gov.bh എന്ന വെബ്‌സൈറ്റ് വഴി വാഹന ഉടമയില്‍ നിന്നോ നിയമപരമായ പ്രതിനിധിയില്‍ നിന്നോ മാലിന്യ ഗതാഗത ലൈസന്‍സ് നേടണമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
വാഹന ഉടമസ്ഥാവകാശത്തിന്റെ തെളിവ്, വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്, കൗണ്‍സിലിന്റെ ഗതാഗത ലൈസന്‍സിംഗ് നിബന്ധനകളോട് പ്രതിബദ്ധത കാണിക്കുന്ന റിപ്പോര്‍ട്ട്, അപകടകരമായ വസ്തുക്കളുടെ ചോര്‍ച്ച കൈകാര്യം ചെയ്യുന്നതിനുള്ള പ്ലാന്‍, ജിപിഎസ് ട്രാക്കിംഗ് സ്ഥാപിച്ചതിന്റെ തെളിവ്, മാലിന്യം നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയവ ആവശ്യമായ രേഖകളില്‍ ഉള്‍പ്പെടുത്തണം. ഈ സംവിധാനങ്ങള്‍ എസ്ടിസി ബഹ്റൈന്‍ നല്‍കുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കണം.
ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷമാണെന്നും ചട്ടങ്ങള്‍ പാലിച്ചാല്‍ പുതുക്കാവുന്നതാണെന്നും കൗണ്‍സില്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ നടന്നാല്‍ മൂന്ന് മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. പിഴ ഈടാക്കുകയും ചെയ്യും.
അന്വേഷങ്ങള്‍ക്ക് transporters@sce.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ 17386999 എന്ന നമ്പറിലോ പരിസ്ഥിതി നിരീക്ഷണ, സംരക്ഷണ ഡയറക്ടറേറ്റിലെ മാലിന്യ സംസ്‌കരണ വകുപ്പുമായി കമ്പനികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.